സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കൊറോണവൈറസ് സംഹാരതാണ്ഡവം തുടരുന്നു. ഇന്നലെ മാത്രം ബ്രിട്ടനിൽ രോഗം ബാധിച്ച് മരിച്ചവർ 115 പേരാണ്. ഇതോടെ 578 പേർ ഇതുവരെ മരണപെട്ടുകഴിഞ്ഞു. ഒപ്പം ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 2, 389 കേസുകളും ചേർത്ത് രോഗബാധിതരുടെ എണ്ണം 11,658 ആയി ഉയർന്നു. പ്രതിദിനം ഇത്രയധികം മരണങ്ങളും കേസുകളും ഉണ്ടാകുന്നത് രാജ്യത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഇറ്റലിക്കോ യുഎസ്എയ്‌ക്കോ സമാനമായ സാഹചര്യത്തിലേക്ക് ബ്രിട്ടൻ നീങ്ങുമോയെന്ന് ഏവരും ഭയപ്പെടുന്നു. എന്നാൽ ആ അവസ്ഥയിലേക്ക് ബ്രിട്ടനെ തള്ളിവിടാതിരിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ബോറിസ് ജോൺസണും സംഘവും. കൊറോണ വൈറസ് പ്രതിസന്ധി നേരിടാൻ 10,000 വെന്റിലേറ്ററുകൾ നിർമിക്കാൻ ബ്രിട്ടീഷ് ഇൻവെന്റർ സർ ജെയിംസ് ഡിസൈന്റെ നേതൃത്വത്തിലുള്ള കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് പുതിയ തരം വെന്റിലേറ്റർ രൂപകൽപ്പന ചെയ്തതായി കമ്പനി അറിയിച്ചു. ഇതിന്റെ ഉല്പാദനത്തിന് രണ്ടാഴ്ചത്തോളം സമയം വേണ്ടിവരുമെന്ന് അവർ അറിയിച്ചു. നിലവിൽ എൻ‌എച്ച്‌എസിൽ വെറും 8,000 വെന്റിലേറ്ററുകളാണുള്ളത്. ആഭ്യന്തര, അന്താരാഷ്ട്ര വിതരണക്കാരിൽ നിന്ന് 8,000 കൂടി വാങ്ങാൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. വൈറസ് ബാധിതരെ ചികിത്സിക്കാൻ എൻ‌എച്ച്‌എസിന് കുറഞ്ഞത് 30,000 എങ്കിലും ആവശ്യമാണെന്ന് ഇത് വെളിവാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം സ്വയം തൊഴിൽ ചെയ്യുന്ന രോഗബാധിതരെ ലോക്ക്ഡൗൺ കാലത്ത് പിന്തുണയ്ക്കാൻ പുതിയ പാക്കേജ് ചാൻസിലർ റിഷി സുനക് അവതരിപ്പിച്ചു. രോഗം ബാധിച്ചവർക്കുള്ള സഹായം കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഉണ്ടായിരിക്കുമെന്നും ഇത് ലോകത്തിലെ ഏറ്റവും ഉദാരമായ പാക്കേജുകളിലൊന്നാണെന്നും റിഷി സുനക് പറഞ്ഞു. ക്ലീനർമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, സംഗീതജ്ഞർ, ഹെയർഡ്രെസ്സർമാർ തുടങ്ങിയവർക്ക് ഈ പാക്കേജ് സഹായമാകും. ഈ ജോലിക്കാരുടെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി പ്രതിമാസ ലാഭത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗ്രാന്റ് ലഭിക്കുക. നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജനുവരി 31 നഷ്‌ടമായ ആർക്കും ഈ പദ്ധതി നഷ്‌ടപ്പെടാതിരിക്കാനായി റിട്ടേൺ സമർപ്പിക്കാൻ നാല് ആഴ്ച സമയമുണ്ട്. സ്വയംതൊഴിലാളികളായ 95% പേർക്കും ഈ സഹായം സഹായിക്കുമെന്ന് ചാൻസലർ പറഞ്ഞു. ശരാശരി 200,000 പൗണ്ടിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് ഈ സഹായം ലഭിക്കില്ല. യോഗ്യതയുള്ളവരെ എച്ച്എം‌ആർ‌സി ബന്ധപ്പെടുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും. 3.8 ദശലക്ഷം ആളുകൾ ഈ പദ്ധതിക്ക് അർഹരാണെന്ന് ട്രഷറി അധികൃതർ കരുതുന്നു. കൊറോണ വൈറസ് മൂലം വരുമാനം നഷ്ടപ്പെട്ടുവെന്ന് അപേക്ഷകർ ഒരു ഓൺലൈൻ ഡിക്ലറേഷൻ ഫോം വഴി അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്. മെയ് മുതൽ മൂന്നുമാസം വരെ പരിരക്ഷ നൽകുമെങ്കിലും ജൂൺ തുടക്കത്തിൽ മാത്രമേ വരുമാന സഹായ ഗ്രാന്റുകൾ നൽകാൻ തുടങ്ങുകയുള്ളൂവെന്ന് ട്രഷറി പറഞ്ഞതിനെ തുടർന്ന് വിമർശനം ഉയർന്നു.

കൊറോണ വൈറസ് വാക്സിൻ കണ്ടെത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ധനസഹായമായി യുകെ, 210 മില്യൺ ഡോളർ പ്രഖ്യാപിച്ചു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ദേശീയ ആരോഗ്യ സേവനത്തെ പിന്തുണയ്ക്കാൻ 560,000 പേർ സന്നദ്ധത പ്രകടിപ്പിച്ചതായി ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ഇത് അതിശയകരമായ വാർത്തയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ലോകരാജ്യങ്ങളെല്ലാം കൊറോണ വൈറസ് വ്യാപനത്തിൽ തകർന്നടിയുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ആകെ മരണങ്ങൾ 25000ത്തോട് അടുക്കുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,000 ആണ്. ആകെ 85000 കേസുകൾ ആയതോടെ ചൈനയേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക മുന്നിലെത്തി.