ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഈവിൻ ചുഴലിക്കാറ്റിന് ശേഷം പുതിയതായി അടുത്ത കൊടുങ്കാറ്റും യുകെയിൽ രൂപപ്പെട്ടിരിക്കുകയാണ്. ഹെർമിനിയ എന്ന് പേരിട്ടിരിക്കുന്ന ഈ കാറ്റ് മൂലം കനത്ത മഴയും ശക്തമായ കാറ്റും യു കെയിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകി കഴിഞ്ഞു. സ്‌പെയിനിൻ്റെയും ഫ്രാൻസിൻ്റെയും ഭാഗങ്ങളിൽ ആദ്യമായി വീശിയടിച്ച ഹെർമിനിയ കൊടുങ്കാറ്റ്, ജീവന് അപകടം ഉണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച ആദ്യം യുകെയിൽ വീശിയടിച്ച ഈവിൻ കൊടുങ്കാറ്റിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. കാലാവസ്ഥ മുന്നറിയിപ്പുകളിൽ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും ഉൾപ്പെടുന്നുണ്ട്. വടക്കൻ അയർലൻഡ്, വെയിൽസ്, തെക്കൻ സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലും തിങ്കളാഴ്ച വരെ കനത്ത മഴ പ്രവചിക്കപ്പെടുന്നുണ്ട്. യുകെയുടെ തെക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഏറ്റവും ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെവണിലും കോൺവാളിലും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലുടനീളം നിരവധി റോഡുകളിൽ വെള്ളപ്പൊക്കവും മരങ്ങൾ ഒടിഞ്ഞുവീണതായും റിപ്പോർട്ടുകളുണ്ട്.
തിരമാലകൾ ആഞ്ഞടിക്കുന്നതിനാൽ തീരത്ത് നിന്ന് വിട്ടുനിൽക്കാൻ പ്രദേശവാസികളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. പല റോഡുകളിലും വെള്ളപ്പൊക്കം മൂലം യാത്ര ക്ലേശങ്ങളും നിലവിലുണ്ട്. കോൺവാൾ എയർപോർട്ട് ന്യൂക്വേ, എക്സെറ്റർ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാനങ്ങൾ വൈകുകയും, ചിലത് റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ കാറ്റുകൾ വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഫ്രാൻസിലും സ്പെയിനിലും ഈ ചുഴലിക്കാറ്റ് നിരവധി നാശങ്ങൾ വിതച്ചു കഴിഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദേശമാണ് അധികൃതർ നൽകുന്നത്.
Leave a Reply