ലണ്ടന്‍: നോണ്‍ യൂറോപ്യന്‍ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന വിസ ക്വാട്ട തുടര്‍ച്ചയായി മൂന്നാം മാസവും തികഞ്ഞു. ഇതോടെ അധികമായെത്തിയ വിസ അപേക്ഷകള്‍ ഹോം ഓഫീസ് തിരസ്‌കരിക്കുകയാണ്. ഇത് എന്‍എച്ച്എസ് ഉള്‍പ്പെടെ പ്രധാനപ്പെട്ട മേഖലയിലുള്ള നിയമനങ്ങളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഏഴു വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഈ വിധത്തില്‍ തുടര്‍ച്ചയായി പ്രതിമാസ വിസ ക്വോട്ട പരിധിക്കു മേല്‍ വരുന്നത്. ഹോം ഓഫീസ് അനുവദിക്കുന്ന ടയര്‍-2 വര്‍ക്ക് വിസകളില്‍ 75 ശതമാനത്തിലേറെയും എന്‍എച്ച്എസിലേക്കുള്ള മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ ജീവനക്കാര്‍ക്കുള്ളതാണ്. വിസ അപേക്ഷകള്‍ നിരസിക്കപ്പെടുമ്പോള്‍ ഒഴിവാക്കപ്പെടുന്നത് ഡോക്ടര്‍മാരും ആരോഗ്യമേഖലയിലേക്ക് ജോലിക്കായി എത്തുന്നവരും ശാസ്ത്രജ്ഞരും സോഫ്റ്റ് വെയര്‍ മേഖലയില്‍ എത്തുന്നവരുമായിരിക്കുമെന്ന് മൈഗ്രേഷന്‍ വിദഗ്ദ്ധര്‍ പറയുന്നു.

ഡിസംബറിലും ജനുവരിയിലും പ്രതിമാസ ക്വാട്ട പൂര്‍ണ്ണമായപ്പോള്‍ ഒരു അസാധാരണ സാഹചര്യം എന്ന് മാത്രമായിരുന്നു ഇമിഗ്രേഷന്‍ മേഖലയിലുള്ളവര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ഇതൊരു ദീര്‍ഘകാല പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇപ്പോള്‍ ഇവര്‍ പങ്കുവെക്കുന്നത്. മൂന്ന് മാസത്തെ ഇമിഗ്രേഷന്‍ കണക്കുകള്‍ വ്യാഴാഴ്ച പുറത്തു വരും. ബ്രെക്‌സിറ്റി ഭീതിയില്‍ യൂറോപ്യന്‍ ജീവനക്കാര്‍ ബ്രിട്ടന്‍ വിടുന്ന ബ്രെക്‌സോഡസ് പ്രതിഭാസത്തിന്റെ വര്‍ദ്ധിച്ച കണക്കുകള്‍ ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടനില്‍ ജോലിക്കെത്തുന്നതിനേക്കാള്‍ കൂടുതല്‍ യൂറോപ്യന്‍ പൗരന്‍മാര്‍ രാജ്യം വിടുന്നുണ്ടെന്ന് വ്യക്തമായിരുന്നു.

നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അപേക്ഷകള്‍ നിരസിക്കുകയാണെന്ന് നിരവധി വ്യവസായികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഹോം ഓഫീസ് ഇമെയില്‍ സന്ദേശം അയച്ചിരുന്നു. പ്രതിവര്‍ഷം 20,700 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കാണ് വിസ അനുവദിക്കാറുള്ളത്. ഇത് ഓരോ മാസവും നിശ്ചിത എണ്ണമായി വിഭജിച്ച് നല്‍കിയിരിക്കുകയാണ്. തെരേസ മേയ് ഹോം സെക്രട്ടറിയായിരുന്ന 2011ലായിരുന്നു ഇതിനു മുമ്പ് ഈ വിധത്തില്‍ ക്വോട്ടകള്‍ പരിധിയിലെത്തിയത്.

സ്‌കില്‍ഡ് വര്‍ക്ക് വിസയിലെത്തുന്നവര്‍ക്ക് മിനിമം സാലറിയായി 30,000 പൗണ്ടായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഗ്രാജ്വേറ്റ് റിക്രൂട്ടിന് ഇത് 20,800 പൗണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 55,000 പൗണ്ടായി ഉയര്‍ത്തി. ജനുവരി മുതല്‍ 46,000 പൗണ്ട് വരെയെങ്കിലും മിനിമം സാലറിയില്ലാതെ ടയര്‍-2 വിസകള്‍ അനുവദിക്കുന്നത് തടഞ്ഞിരുന്നു. പിഎച്ച്ഡിയോ യോഗ്യതയോ ഒഴിവുകള്‍ നികത്താനുള്ള നിയമനമോ ആണെങ്കില്‍ മാത്രമേ ഇതിന് ഇളവ് നല്‍കിയിരുന്നുള്ളു.