ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭവന വായ്പ പലിശനിരക്കുകൾ കുത്തനെ ഉയർന്നു. അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണികളിൽ ഉണ്ടായ അനിശ്ചിതത്വവും ഊർജവിലകളുടെ കുതിച്ചുചാട്ടവുമാണ് ഈ വർധനയ്ക്ക് കാരണമായത്. ഇതോടെ ഭവന വായ്പാ ചിലവുകൾ കുത്തനെ ഉയരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

രണ്ട് വർഷ ഫിക്സഡ് റേറ്റ് ശരാശരി 4.83%ൽ നിന്ന് 5.56% ആയി ഉയർന്നപ്പോൾ, അഞ്ച് വർഷ ഫിക്സഡ് റേറ്റ് 4.95%ൽ നിന്ന് 5.54% ആയി ആണ് വർധിച്ചത് . ഈ സാഹചര്യത്തിൽ പുതിയ ഭവന വായ്പ എടുക്കുന്നവർക്ക് വർഷത്തിൽ ഏകദേശം £788 അധിക ചെലവ് വരുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . പലിശനിരക്കുകൾ ഉയർന്നതോടെ വായ്പദാതാക്കൾ 1,500ൽ കൂടുതൽ (ഏകദേശം 20%) മോർട്ട്ഗേജ് ഉൽപ്പന്നങ്ങൾ പിൻവലിക്കുകയും പുതിയ നിരക്കുകൾക്ക് അനുസരിച്ച് പുനർനിർണ്ണയം നടത്തുകയും ചെയ്തു.

സ്വാപ്പ് നിരക്കുകളിൽ ഉണ്ടായ കുത്തനെ വർധനയാണ് ഈ മാറ്റത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഏകദേശം 1 ശതമാനം വരെ സ്വാപ്പ് നിരക്കുകൾ ഉയർന്നതായി റിപ്പോർട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നതും ഹോർമുസ് കടലിടുക്ക് മേഖലയിൽ വിതരണ തടസ്സ സാധ്യതയും വിപണിയിൽ കടുത്ത ആശങ്ക ആണ് ഉയർത്തിയത് . ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാർച്ച് 19ന് അടിസ്ഥാന പലിശനിരക്ക് 3.75% ആയി നിലനിർത്തിയെങ്കിലും, ഊർജവില മൂലമുള്ള പണപ്പെരുപ്പം തുടർന്നാൽ വീണ്ടും വർധനയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു . അടുത്ത ആറുമാസത്തിനുള്ളിൽ വായ്പ പുതുക്കേണ്ടവർ ഉടൻ തന്നെ നിരക്ക് ലോക്ക് ചെയ്യുകയും വിപണി മാറ്റങ്ങൾ കണക്കിലെടുത്ത് വിദഗ്ധ ഉപദേശം തേടുകയും ചെയ്യണമെന്നാണ് സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നത്.











Leave a Reply