ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏറെക്കാലത്തിന് ശേഷം വീടുകളുടെ വിലയിൽ ഇടിവ് നേരിടുകയാണ്. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക ഇടിവാണ് വീടുകളുടെ വിലയിൽ രേഖപ്പെടുത്തിയതെന്ന് നാഷണൽ ബിൽഡിംഗ് സൊസൈറ്റി ചൊവ്വാഴ്ച പറഞ്ഞു. തുടർന്ന് വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തി. വീട് വില കുറയുന്നത് ആദ്യമായി വാങ്ങുന്നവർക്ക് ആശ്വാസം ആയേക്കാം. ജൂലൈ വരെയുള്ള ഒരു വർഷത്തിൽ, വീടുകളുടെ വില 3.8% കുറഞ്ഞു. 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവാണ് ഇത്. എന്നിരുന്നാലും, യുകെയിലെ ഒരു വീടിന്റെ ശരാശരി വില ഇപ്പോഴും ഉയർന്നതാണ്. ജൂലൈയിൽ ഇത് 260,828 പൗണ്ടിലെത്തി.
കോവിഡും വർക്ക് ഫ്രം ഹോമും സ്റ്റാമ്പ് ഡ്യൂട്ടി അവധിയും ഭവന വിപണിയിൽ കാര്യമായ ചാഞ്ചാട്ടം സൃഷ്ടിച്ചു. 2020 ഫെബ്രുവരിയിലേതിനേക്കാൾ ശരാശരി വീട് വില ഇപ്പോൾ £45,000 കൂടുതലാണ്. എന്നാൽ നിലവിൽ വീടുകളുടെ വില കുറയുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വലിയ കുറവ് പ്രതീക്ഷിക്കുകയും അരുത്.
വരും മാസങ്ങളിൽ വീടുകളുടെ വില “മിതമായ രീതിയിൽ” മാത്രം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി മോണിറ്ററി പോളിസി റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് 2026-ൽ തൊഴിലില്ലായ്മ നിരക്ക് 4% ൽ നിന്ന് ഏകദേശം 5% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി നേഷൻവൈഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. അതേസമയം, വേതന വർദ്ധനവ് തുടരുകയാണെങ്കിൽ വീടുകളുടെ വില അൽപ്പം കൂടി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സമീപകാല പലിശ നിരക്ക് വർദ്ധനകൾ മോർട്ട്ഗേജുകളുടെ വിലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫിനാൻഷ്യൽ ഡാറ്റ കമ്പനിയായ മണിഫാക്‌ട്‌സ് അനുസരിച്ച്, രണ്ട് വർഷത്തെ സ്ഥിര ഇടപാടിന്റെ ശരാശരി പലിശ പേയ്‌മെന്റ് നിലവിൽ 6.85% ആണ്. അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന് ഇത് 6.37% ആണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഇനിയും ഉയർത്തേണ്ടിവരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്.
Leave a Reply