ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വീടു വിപണിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ മാർച്ച് മാസത്തിനുശേഷം ഇത് ആദ്യമായാണ് വീടുകളുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹാലിഫാക്സ് ആണ് പുതിയതായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമാകുന്ന വാർത്ത പുറത്ത് വിട്ടത്.
പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഡിസംബർ മാസത്തിൽ വീടുകളുടെ വിലയിൽ 0.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് കഴിഞ്ഞ 8 മാസത്തിനിടയിൽ വീടുകളുടെ വിലയിൽ കുറവ് ഉണ്ടാകുന്നത്. എന്നിരുന്നാലും ഒരു വർഷം മുൻപുള്ള ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഭവന വില 3.3 ശതമാനം കൂടുതലാണ്.
2024 ന്റെ അവസാന പകുതിയിൽ ഭവന വിലയിൽ വൻ കുതിച്ചു കയറ്റമാണ് ഉണ്ടായത്. മോർട്ട്ഗേജ് നിരക്കുകളും പലിശയും കുറഞ്ഞതോടെ കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിച്ചതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതോടൊപ്പം വേതന വർദ്ധനവും ജീവിത ചിലവ് കുറഞ്ഞതും ആളുകൾക്ക് പുതിയ വീട് വാങ്ങുന്നതിനുള്ള ആത്മവിശ്വാസം കൂടുകയും ചെയ്തു. എന്നാൽ അടുത്ത മാസം മാർച്ച് മുതൽ ഇംഗ്ലണ്ടിലെയും അയർലണ്ടിലെയും സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകളുടെ പരുധി ഉയർത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് മാർച്ച് മാസം കഴിഞ്ഞാൽ വീടുകളുടെ വില കൂടുമെന്ന പ്രവചനങ്ങൾ ഈ മേഖലയിലെ വിദഗ്ധർ നടത്തുന്നുണ്ട്.
Leave a Reply