ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വീടുകളുടെ വിലയിൽ വലിയ ഇടിവുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വില ഇടിവിനാണ് രാജ്യത്തെ ഭവന വിപണി സാക്ഷ്യം വഹിച്ചത് . നികുതി ഇളവ് അവസാനിച്ചതോടെ വീടുകൾ വാങ്ങാൻ മുന്നോട്ട് വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുകെയിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി ആയ നേഷൻവൈഡിൻ്റെ കണക്കനുസരിച്ച് ജൂണിൽ ഒരു വീടിൻറെ ശരാശരി വില 0. 8 ശതമാനം കുറഞ്ഞ് 271, 619 പൗണ്ട് ആയി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രോപ്പർട്ടി പോർട്ടലായ റൈറ്റ്മൂവ് ജൂണിൽ പ്രതിമാസ വിലയിടിവ് 0.3% ആണെന്നാണ് റിപ്പോർട്ട് ചെയ്തത്. വീട് വാങ്ങുന്നവരെ കണ്ടെത്താൻ വിൽപ്പനക്കാർ ഒരു ദശകത്തിനിടയിലെ ഏറ്റവും കടുത്ത മത്സരം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിലെയും വടക്കൻ അയർലൻഡിലെയും താൽക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറവുകൾ ഏപ്രിലിൽ അവസാനിച്ചിരുന്നു. വേനൽക്കാലം പുരോഗമിക്കുമ്പോൾ ഭവനവിപണി വീണ്ടും ശക്തി പ്രാപിക്കുമെന്ന അഭിപ്രായവും ശക്തമാണ്. നിലവിൽ ഭവന വിപണിയിലെ വില കുറവ് വീടുവാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്ക് 4.25 എന്ന തത് സ്ഥിതി തുടരാൻ തീരുമാനിച്ചിരുന്നു. അടുത്ത അവലോകന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ അത് ഭവന വിപണിയിൽ കാര്യമായി പ്രതിഫലിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പ നിരക്ക് കുറയുകയും ബാങ്ക് പലിശ നിരക്ക് കുറയ്ക്കുകയും ചെയ്താൽ കൂടുതൽ പേർ ഭവന വിപണിയിൽ പ്രവേശിക്കുമെന്നാണ് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ അഭിപ്രായപ്പെട്ടത്.
Leave a Reply