ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഭവന വില ജൂൺ മാസത്തിലും ഉയർന്ന നിലയിൽ തുടരുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റൈറ്റ് മൂവ് എന്ന പ്രോപ്പർട്ടി വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ വീടുകളുടെ ശരാശരി വില അധികം മാറ്റമില്ലാതെ തന്നെ തുടരുകയാണ്. നിലവിലെ ശരാശരി വില നിലവാരം 375, 110 പൗണ്ട് ആണ്. പ്രോപ്പർട്ടി മാർക്കറ്റിൽ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ മെയ് മാസത്തിനേക്കാൾ 21 പൗണ്ട് മാത്രം കുറവാണ് ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നത്.


ജൂലൈ 4- ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഭവന വിലയെ എങ്ങനെ സ്വാധീനിക്കും എന്നാണ് എല്ലാവരും പ്രധാനമായും ഉറ്റുനോക്കുന്നത്. ടോറികൾ അധികാരത്തിൽ എത്തിയാൽ ആദ്യമായി വീടു വാങ്ങുന്നവർക്ക് പ്രോപ്പർട്ടി ടാക്സിൽ വൻ ഇളവുക നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ അഭിപ്രായ സർവേകളിൽ ലേബർ പാർട്ടിക്കാണ് മുൻതൂക്കം. അതുകൊണ്ട് തന്നെ ലേബർ പാർട്ടിയുടെ നയങ്ങൾ പ്രോപ്പർട്ടി മാർക്കറ്റിൽ കാര്യമായി സ്വാധീനിക്കും എന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.


റൈറ്റ് മൂവ് നടത്തിയ സർവേയിൽ 95 ശതമാനം പേരും ആസന്നമായ ഉപതെരഞ്ഞെടുപ്പ് തങ്ങളുടെ വീടുകൾ മേടിക്കാനുള്ള പദ്ധതികളിൽ കാര്യമായ മാറ്റം വരുത്തിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 14,000 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഇലക്ഷന് ശേഷം ഏതെങ്കിലും രീതിയിൽ തൂക്കുമന്ത്രിസഭ നിലവിൽ വരുകയാണെങ്കിൽ അത് ഭവന വിപണിയിലും പ്രതിഫലിക്കും എന്നാണ് പൊതുവേ കരുതപ്പെടുന്നത് . എന്നാൽ വിപണിയിൽ ഇപ്പോഴും വലിയതോതിൽ ഡിമാൻഡ് ഉണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. മോർട്ട്ഗേജ് നിരക്കുകൾ പ്രതീക്ഷിച്ചതിൽ കൂടുതലായി വർദ്ധിച്ചിട്ടും ഭവന വിപണിയിൽ ക്രയവിക്രയങ്ങൾ ഉയർന്നതിന് കാരണം ആവശ്യക്കാരുടെ എണ്ണം കൂടിയതു തന്നെയാണെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.