ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഭവന വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടായതായുള്ള വാർത്തകൾ പുറത്തുവന്നു. നവംബർ മാസത്തിൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിൽ വീടുകളുടെ വില ഉയർന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഭവന വിലയിലെ വാർഷിക വളർച്ചാ നിരക്ക് നവംബറിൽ 3.7 ശതമാനമാണ്. എന്നാൽ ഒക്ടോബറിലെ വളർച്ചാ നിരക്ക് 2.4 ശതമാനം മാത്രമായിരുന്നു.
യുകെയിലെ ഏറ്റവും വലിയ ബിൽഡിങ് സൊസൈറ്റി ആയ നേഷൻ വൈഡ് ആണ് മേൽ പറഞ്ഞ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. 2022 നവംബർ മാസത്തിനു ശേഷമുള്ള ഏറ്റവും വേഗമേറിയ വളർച്ചാ നിരക്കാണിത്. വിലകളിലെ കുതിച്ചു കയറ്റം ഭവന വിലകളുടെ ശരാശരി 208144 പൗണ്ട് ആയി ഉയർത്തി. വായ്പാ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചത് മൂലം കൂടുതൽ ആളുകൾ വീടു വാങ്ങിയതാണ് ഭവന വിപണിയിലെ വളർച്ചയ്ക്ക് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഭവന വിപണിയിലെ നിലവിലെ കണക്കുകൾക്ക് ഒക്ടോബർ 30-ാം തീയതി ചാൻസലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിലെ നിർദ്ദേശങ്ങൾക്ക് ഭവന വിപണിയിലെ വളർച്ചയുമായി നേരിട്ട് ബന്ധമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാലും ബഡ്ജറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. അതു കൂടാതെ 2025 ഏപ്രിൽ മാസം മുതൽ രണ്ടാമത് വീടുകൾ വാങ്ങുമ്പോൾ നികുതി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ബഡ്ജറ്റിലെ ഈ മാറ്റങ്ങൾ മാർച്ച് അവസാനം വാരം വരെ കൂടുതൽ ആളുകൾ വീടു വാങ്ങുന്നതിന് കാരണമാകും എന്നാണ് കരുതുന്നത്.
Leave a Reply