ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വീടുകളുടെ വില 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ കുതിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹാലിഫാക്സ് പുറത്തിറക്കിയ പുതിയ പ്രോപ്പർട്ടി വില സൂചിക പ്രകാരം, ഒക്ടോബറിൽ വീടുകളുടെ വില 0.6% വർധിച്ച് ശരാശരി വില £2,99,862 ആയി ഉയർന്നു. സെപ്റ്റംബറിൽ 0.3% ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഈ വർധന വിപണി പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായതാണെന്ന് റിപ്പോർട്ട് പറയുന്നു. വാർഷികമായി വീടുകളുടെ വില 1.9% ഉയർന്നതായും ഇത് സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 1.5 ശതമാനത്തിനെ മറികടന്നതായും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയതാണ് വിപണിക്ക് ഉത്തേജനം ആയതെന്ന് ഹാലിഫാക്സ് മോർട്ട്ഗേജ് വിഭാഗം മേധാവി അമാണ്ട ബ്രൈഡൻ വ്യക്തമാക്കി. പുതുതായി അംഗീകരിക്കുന്ന മോർട്ട്ഗേജ് വായ്പകളുടെ എണ്ണം ഈ വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും വീടുകളുടെ വില ഉയർന്നതും 4% നിരക്കിനടുത്ത് തുടരുന്ന ഫിക്സഡ് മോർട്ട്ഗേജ് പലിശനിരക്കും വാങ്ങുന്നവർക്കുള്ള സാമ്പത്തിക സമ്മർദ്ദം കൂട്ടുന്നതായാണ് വിലയിരുത്തുന്നത്.

നവംബർ 26-നുള്ള ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് അവതരിപ്പിക്കാനിരിക്കുന്ന നികുതി മാറ്റങ്ങളെപ്പറ്റിയുള്ള അനിശ്ചിതത്വത്തെയും മറികടന്ന് വിപണി സ്ഥിരത പുലർത്തുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. 5 ലക്ഷം പൗണ്ടിൽ കൂടുതലുള്ള വീടുകൾ വിൽക്കുന്നവരിൽ നിന്ന് സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം പുതിയ നികുതി ഈടാക്കാനുള്ള സാധ്യത ബജറ്റിൽ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഡിസംബർ മുതൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുമെന്നാണ് റിയൽ എസ്റ്റേറ്റ് ഏജൻസികൾ പ്രതീക്ഷിക്കുന്നത്.











Leave a Reply