ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതോടെ കൂടുതൽ ആളുകൾ വീടു വാങ്ങുന്നതിന് ആരംഭിച്ചതോടെ യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വൻ കുതിച്ചു കയറ്റം ആണ് ഉണ്ടായത്. ഭവന വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന പല യുകെ മലയാളികളും വില കയറ്റത്തിൽ ഞെട്ടിയിരിക്കുകയാണ്. പത്ത് മാസത്തിലെ ഏറ്റവും വലിയ വിലവർദ്ധനവിനാണ് പ്രോപ്പർട്ടി മാർക്കറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
വീടുകളുടെ വിലയിൽ ഏകദേശം 1.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി ഭവന വില 5279 പൗണ്ട് വർദ്ധിച്ച് 370,000 പൗണ്ട് ആയി ഉയർന്നു. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവിൻ്റെ കണക്കുകൾ അനുസരിച്ച് വീടുകൾ വാങ്ങാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഭവന വില കുതിച്ചുയരാനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.
പ്രോപ്പർട്ടി മാർക്കറ്റിൽ മുതൽ മുടക്കിയവരെ സംബന്ധിച്ചിടത്തോളം ഭവന വില ഉയർന്നത് ഗുണകരമായ കാര്യമാണ്. എന്നാൽ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലെ വില താങ്ങാനാവാത്തതാണെന്ന് പലരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പലിശ നിരക്കുകൾ ഇനിയും ഉയരുകയാണെങ്കിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുകയും ഒരുപക്ഷേ ഭവന വില കുറയാനും കാരണമായേക്കും. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് കൂടുതൽ ആളുകൾ ഭവന വിപണിയിൽ മുതൽ മുടക്കിയാൽ വീടുകളുടെ വില വീണ്ടും ഉയരും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Leave a Reply