ഏതൊരു രാജ്യത്തിന്റെയും സാംസ്‌ക്കാരികമായ വളര്‍ച്ചയ്ക്ക് മറ്റു സംസ്‌ക്കാരങ്ങളും ഭാഷകളും ജീവിതങ്ങളുമായി സമ്പര്‍ക്കം ഗുണം ചെയ്യുമെന്നാണ് ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ യു.കെയില്‍ നടന്ന പഠനത്തില്‍ പൗരന്മാരില്‍ 40 ശതമാനം പേരും ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായവരില്‍ ചിലര്‍ക്ക് കുടിയേറ്റക്കാര്‍ തങ്ങളുടെ സമൂഹത്തില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെപ്പറ്റി ആകുലതകളും നിലനില്‍ക്കുന്നുണ്ട്. യു.കെയിലെ 52 ശതമാനം കുടിയേറ്റക്കാര്‍ പൊതുമേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വസ്തുതയും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
കുടിയേറ്റ ജനതയെ മുന്‍വിധികളോടെ സമീപിക്കുന്നതിനെതിരെ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്ന ‘ഹോപ്പ് നോട്ട് ഹെയിറ്റ്’ എന്ന ഗ്രൂപ്പിന് വേണ്ടി ‘നാഷണല്‍ കോണ്‍വര്‍സേഷന്‍ ഓണ്‍ ഇമിഗ്രേഷന്‍’ ആണ് പഠനം നടത്തിയിരിക്കുന്നത്. ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യുമോ? എന്നായിരുന്നു പൊതുജനങ്ങളോട് ഗവേഷകര്‍ അന്വേഷിച്ചത്. 60ശതമാനം പേര്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ ഇല്ലയെന്നും അഭിപ്രായമില്ലെന്നും വ്യക്തമാക്കി.നഗരങ്ങള്ഡ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേകളില്‍ ഭൂരിഭാഗം പേരും ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ട് രംഗത്ത് വന്നു.
45 വയസിന് മുകളില്‍ ഉള്ള 3,667 പേരിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങളെക്കുറിച്ച് നിരവധി പേര്‍ക്ക് തെറ്റായ മുന്‍വിധികള്‍ ഉള്ളതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മുസ്ലിങ്ങളെക്കുറിച്ച് വലിയ മുന്‍ധാരണകള്‍ സൂക്ഷിക്കുന്നവരാണെന്നും പഠനത്തില്‍ വ്യക്തമായിരുന്നു. ഇത്തരം ധാരണകളും പ്രശ്‌നങ്ങളും സമൂഹത്തില്‍ നിന്ന് തുടച്ച് മാറ്റാന്‍ ഒറ്റമൂലികളൊന്നുമില്ലെന്നും വളരെ സാവധാനം എടുക്കുന്ന ഒരോ നീക്കങ്ങളും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ ഒഫിഷ്യലുകളോട് പൊതുജനങ്ങള്‍ക്ക് വലിയ തോതില്‍ വിശ്വസം നഷ്ടപ്പെട്ടതായും പഠനം കണ്ടെത്തിയിട്ടുണ്ട്.
Leave a Reply