ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സമാനതകളില്ലാത്ത പ്രതിസന്ധിയിൽ ഉഴറുകയാണ് ബ്രിട്ടൻ. വരവും ചെലവും ഒത്തുകൊണ്ടുപോകാനായി ജീവിത ശൈലിയില്‍ തന്നെ മാറ്റം വരുത്താൻ തയ്യാറെടുത്തിരിക്കുകയാണ് മലയാളി കുടുംബങ്ങൾ. രാജ്യത്തെ പണപെരുപ്പ നിരക്ക് ഏപ്രിലിൽ 9 ശതമാനത്തിലെത്തി. ഇതോടെ അവശ്യസാധനങ്ങൾക്കടക്കം വില കുതിച്ചുയർന്നു. റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ ഫലമായി ഇന്ധന വിലയും ഭക്ഷണ വിലയും ഉയർന്നതോടെ സാധാരണ മലയാളി കുടുംബങ്ങളുടെയും യൂണിവേഴ്സിറ്റി വിദ്യാർഥികളുടെയും ജീവിതച്ചെലവ് പ്രതിസന്ധിയിലായി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് , ഊർജ്ജ വില പരിധിയിലെ 54% വർധന പണപെരുപ്പം ഉയരാനുള്ള കാരണമായി. ലോക്ക്ഡൗണിന് ശേഷം ഏഷ്യയിലെ വ്യവസായങ്ങൾ പൂർണ്ണ ശേഷിയിലേക്ക് മടങ്ങുകയും കൂടുതൽ ഊർജ്ജം ഉപയോഗിക്കുകയും ചെയ്തതിനാൽ എണ്ണയുടെയും വാതകത്തിന്റെയും ആവശ്യം ഉയർന്നു. എന്നാൽ ഇവിടെ വിലങ്ങുതടിയായി യുദ്ധം എത്തി. യുക്രൈനിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി തടസ്സപ്പെട്ടതോടെ ആഗോള ഭക്ഷ്യ വിതരണത്തിലും സമ്മർദ്ദം നേരിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിലക്കയറ്റം രൂക്ഷമായതോടെ വിലകുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളേയാണ് ഇപ്പോൾ ഏവരും ആശ്രയിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആറുമാസം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ദുര്‍ബലമാണെന്ന് പൊതുജനങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഹീറ്റർ ഉപയോഗം നിർത്തിയും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചും പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മലയാളി കുടുംബങ്ങൾ.

പണപെരുപ്പ നിരക്ക് എപ്പോൾ കുറയുമെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കും ആശങ്കയുണ്ട്. വിലക്കയറ്റത്തിന്റെ ആരംഭത്തിലാണ് നാമെന്ന് അവർ പറയുന്നു. ഇതിനർത്ഥം ദുരിതകാലം ഉടനെയൊന്നും അവസാനിക്കില്ലെന്ന് തന്നെ. എന്നാൽ പണം ലഭിക്കാനുള്ള ചില വഴികളുമുണ്ട്. കുറഞ്ഞ വരുമാനക്കാരാണെങ്കിൽ കൗണ്‍സില്‍ ടാക്‌സ് കിഴിവ് പ്രയോജനപ്പെടുത്തുക, ദീർഘനാൾ ചികിത്സ ആവശ്യമായി വന്നാല്‍, എന്‍ എച്ച് എസ് പ്രിസ്‌ക്രിപ്ഷന്‍ പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എടുക്കുക, വാഷിംഗ് മെഷിനിലെ ഡ്രയറുടെ ഉപയോഗം കുറച്ച് വസ്ത്രങ്ങൾ വെളിയിൽ ഉണക്കാൻ ശ്രമിക്കുക, കൗണ്‍സില്‍ ടാക്‌സുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഏതു ബാൻഡിലാണ് ഉള്ളതെന്ന് കൃത്യമായി പരിശോധിക്കുക, സിനിമയ് ക്കോ റെസ്റ്റോറന്റിലോ പോകുമ്പോൾ ടു ഫോര്‍ വണ്‍ ഡീലുകള്‍ക്ക് ശ്രമിക്കുക, ആവശ്യമായ ഉത്പന്നങ്ങൾ ഏറ്റവും വിലക്കുറവുള്ള സമയം നോക്കി വാങ്ങുക, പഴയ വസ്ത്രങ്ങള്‍ റീസൈക്കിളിംഗിനു നല്‍കി പണം നേടുക, ഒരു വർഷത്തിലേറെയായി ഉപയോഗിക്കാത്ത വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുക എന്നിവയാണ് മാർഗങ്ങൾ.