ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ പണപ്പെരുപ്പം അഞ്ച് മാസത്തിനുശേഷം ആദ്യമായി ഉയർന്ന് ഡിസംബറിൽ 3.4 ശതമാനത്തിലെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബറിലെ 3.2 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം വർധിച്ചത് . എന്നാൽ സാമ്പത്തിക വിദഗ്ധർ 3.3 ശതമാനം വർദ്ധനവ് മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ക്രിസ്മസ് കാലയളവിൽ എയർഫെയറുകൾ ഉയർന്നതും സിഗരറ്റിന് ചുമത്തിയ ഉയർന്ന നികുതികളും പണപ്പെരുപ്പ വർധനയ്ക്ക് കാരണമായി. ഭക്ഷ്യവിലകളിൽ, പ്രത്യേകിച്ച് ബ്രെഡ്, ധാന്യങ്ങൾ തുടങ്ങിയവയുടെ വില ഉയർന്നതും സ്വാധീനിച്ചു.

ഈ വർധനവിനെ തുടർന്ന് ഫെബ്രുവരിയിൽ നടക്കുന്ന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മറ്റി പലിശനിരക്ക് 3.75 ശതമാനത്തിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും, വിലക്കയറ്റം വരും മാസങ്ങളിൽ കുറയുകയാണെങ്കിൽ ഏപ്രിലിൽ പലിശനിരക്ക് കുറയ്ക്കുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. ഡിസംബറിൽ സർവീസ് മേഖലയിൽ പണപ്പെരുപ്പം ഉയർന്നെങ്കിലും അത് ആഭ്യന്തര വിലസമ്മർദങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും, വേതനവർധന വേഗം കുറയുന്നതിനാൽ വരും മാസങ്ങളിൽ അവസ്ഥ മെച്ചപ്പെടുമെന്നും കെയ്പിഎംജി യുകെയുടെ ചീഫ് ഇക്കണോമിസ്റ്റ് യയേൽ സെൽഫിൻ പറഞ്ഞു.

അതേസമയം, ജീവിത ചിലവ് കുറയ്ക്കുന്നത് സർക്കാരിന്റെ മുഖ്യലക്ഷ്യമാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി. 2026 ബ്രിട്ടന് വഴിത്തിരിവാകുന്ന വർഷമാകും എന്നായിരുന്നു അവരുടെ പ്രതികരണം. എനർജി ബില്ലുകളിൽ £150 ഇളവ്, 30 വർഷത്തിനുശേഷം ആദ്യമായി റെയിൽവേ നിരക്കുകൾ മരവിപ്പിക്കൽ, പ്രിസ്ക്രിപ്ഷൻ ചാർജുകൾ രണ്ടാമത്തെ വർഷവും കൂട്ടാതിരിക്കുക, മിനിമം വേതനം ഉയർത്തൽ തുടങ്ങിയ നടപടികൾ അവർ ചൂണ്ടിക്കാട്ടി. ഡിസംബറിലെ വർധനയുണ്ടായിട്ടും 2026ൽ മൊത്തത്തിൽ പണപ്പെരുപ്പം താഴേക്കു പോകുമെന്നും, ഈ വർഷം മധ്യത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തിന് സമീപം എത്തുമെന്നും ആണ് സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത് .











Leave a Reply