ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ? വീട് വാങ്ങാനും വാഹനം മേടിക്കുവാനും ആഗ്രഹിക്കുന്ന യു കെ മലയാളികളുടെ മനസ്സിലുള്ള ചോദ്യമാണ് ഇത് . നിലവിൽ പലിശ നിരക്ക് 16 വർഷത്തെ ഏറ്റവും കൂടിയ നിരക്കിലാണ്. പണപ്പെരുപ്പം ഉയർന്നതാണ് പലിശ നിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ച ഘടകം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
എന്നാൽ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നേക്കാമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരും കുറവല്ല. ജൂണിൽ പൊതു തിരഞ്ഞെടുപ്പിന് മുൻപ് അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയിലേയ്ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിരൽ ചൂണ്ടിയിരുന്നു. അതിനു ശേഷമുള്ള അടുത്ത അവലോകനയോഗം ഇന്ന് ആഗസ്റ്റ് ഒന്നാം തീയതി ആണ് ചേരുന്നത്. പണപ്പെരുപ്പം ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞ് 2 ശതമാനമായതാണ് പലിശ നിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നത്.
ഇന്ന് പലിശ നിരക്കുകൾ കുറച്ചാൽ മോർട്ട്ഗേജുകളുടെയും സേവിംഗുകളുടെയും നിരക്കുകളിൽ മാറ്റം വരും. ഇത് വീടുകൾ ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാവും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും പലിശ നിരക്കുകൾ കുറയുകയും കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും ചെയ്യുന്നത് ഡിമാൻഡ് ഉയർത്തുന്നതിനും അതുവഴി ഭവന വില ഉയരുന്നതിനും കാരണമായേക്കാമെന്നുമുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. പലിശ നിരക്ക് 0.25% വെട്ടി കുറച്ചാൽ അര ദശലക്ഷത്തിലധികം ഭവന ഉടമകൾക്ക് എങ്കിലും പ്രതിമാസ തിരിച്ചടവിൽ 28 പൗണ്ട് കുറവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Leave a Reply