ന്യൂസ് ഡെസ്ക്, മലയാളം യുകെ
പലിശ നിരക്ക് 4.25% ൽ നിന്ന് 4% ആയി കുറയ്ക്കാൻ വോട്ട് ചെയ്‌ത് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നാല് അംഗങ്ങൾ വെട്ടിക്കുറയ്ക്കലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ നാല് പേർ നിലവിലെ നിരക്ക് നിലനിർത്താൻ ആണ് വോട്ട് ചെയ്‌തത്. ഒരാൾ നിരക്ക് നല്ല നിലയിൽ കുറയ്ക്കണമെന്നാണ് വോട്ട് ചെയ്‌തത്. നിലവിലുള്ള പണപ്പെരുപ്പം മൂലം ഭാവിയിൽ പലിശ നിരക്കുകൾ വെട്ടികുറയ്ക്കുന്നത് കുറവായിരിക്കുമെന്ന് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. പലിശ നിരക്കിലുള്ള കുറവ് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവുകളിൽ നല്ല രീതിയിലുള്ള കുറവ് ഉണ്ടാക്കും.
പുതിയ നീക്കം വായ്പകളുള്ള ഏകദേശം 600,000 ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. 25 വർഷത്തേക്ക് £250,000 എന്ന സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്ഗേജിൻെറ തിരിച്ചടവുകളിൽ പ്രതിമാസം ഏകദേശം £40 വരെ കുറവുണ്ടാകും. അതേസമയം, സേവിംഗ്‌സിന് കുറഞ്ഞ വരുമാനമായിരിക്കും ലഭിക്കുക. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആയി ഉയരുമെന്നാണ് ഇപ്പോഴത്തെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. നാഷണൽ ഇൻഷുറൻസ്, ദേശീയ ജീവിത വേതനം എന്നിവയുൾപ്പെടെയുള്ള ഉയർന്ന തൊഴിൽ ചെലവുകളും ബീഫ്, കാപ്പി, കൊക്കോ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉള്ള വർദ്ധനവുമാണ് ഇതിന് കാരണമായി പറയുന്നത്.
വിലക്കയറ്റത്തിന് അനുസരിച്ച് ഉപഭോക്താക്കൾ ഷോപ്പിംഗ് ശീലങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം പല കമ്പനികളും ചിലവ് വെട്ടിക്കുറയ്ക്കാൻ ജീവനക്കാരെ വെട്ടിക്കുറച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻറെ വെട്ടികുറയ്ക്കലിനെ ചാൻസിലർ റേച്ചൽ റീവ്സ് സ്വാഗതം ചെയ്‌തു. അതേസമയം, ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ്, ലിബറൽ ഡെമോക്രാറ്റ് ഡെയ്‌സി കൂപ്പർ എന്നിവരുൾപ്പെടെയുള്ള വിമർശകർ സർക്കാർ, വളർച്ച വൈകിപ്പിച്ചുവെന്നും നിരക്ക് കുറയ്ക്കൽ നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും വാദിച്ചു.
Leave a Reply