ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും തടയുവാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അക്ഷീണ പ്രയത്നത്തിന്റെ ഭാഗമായി പതിനാലാം തവണയും പലിശ നിരക്കുകൾ ഉയർത്തുവാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബാങ്ക് തങ്ങളുടെ അടിസ്ഥാന നിരക്ക് നിലവിലെ 5 ശതമാനത്തിൽ നിന്നും 5.25 ശതമാനമായി ഉയർത്താനുള്ള തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുന്നത് ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ലോണുകൾ എടുത്തിട്ടുള്ളവർക്കും, മോർട്ട്ഗേജ് ഉടമകൾക്കും പലിശ നിരക്ക് വർദ്ധനവ് ആശങ്കയുളവാക്കുന്നതാണ്. എന്നാൽ സേവിങ്സ് നിരക്കുകൾ വർദ്ധിക്കും എന്നുള്ളത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമാണ്. ബ്രിട്ടനിൽ പണപ്പെരുപ്പവും, വിലവർധനയുമെല്ലാം ക്രമാതീതമായി ഉയർന്ന അവസ്ഥയിലാണ് നിലനിൽക്കുന്നത്. ഇത് സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. ഇതിനു മുൻപ് ഇത്തരത്തിൽ പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ എത്തിയത് 15 വർഷങ്ങൾക്ക് മുൻപ് സാമ്പത്തിക മാന്ദ്യം ഉണ്ടായ 2008 ഏപ്രിൽ മാസത്തിലാണ്. എന്നാൽ പലിശനിരക്കുകളിൽ വളരെ ചെറിയ മാറ്റം മാത്രം പ്രവചിക്കപ്പെടുന്നത്, വിലക്കയറ്റത്തിൽ ആശ്വാസകരമായ കുറവുകൾ രേഖപ്പെടുത്തി തുടങ്ങിയെന്നാണ് സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണപ്പെരുപ്പത്തിൽ ജൂൺ മാസത്തിൽ പ്രതീക്ഷിച്ചതിലും അധികം കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. എന്നാൽ ഇപ്പോഴും ബാങ്ക് ലക്ഷ്യമിടുന്ന നിരക്കിനേക്കാൾ രണ്ട് ശതമാനം ഉയർന്നാണ് പണപ്പെരുപ്പ നിരക്ക് തുടരുന്നത്. ഇത്തരത്തിൽ പണപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയ കുറവ് മൂലം, പലിശ നിരക്കുകളിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളും. നിരക്ക് തുടർന്ന് വർദ്ധിപ്പിക്കുന്നതിന് മുമ്പ് ബാങ്ക് മുൻകാല പലിശ നിരക്ക് വർദ്ധനവിന്റെ അനന്തരഫലങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെ കാത്തിരിക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് അഫയേഴ്സ് അഭിപ്രായപ്പെട്ടു.