ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഇന്ന് ചേർന്ന ബാങ്കിൻറെ അവലോകന യോഗമാണ് നിലവിലെ പലിശ നിരക്ക് 4.55 ശതമാനം തന്നെ തുടരാൻ തീരുമാനിച്ചത്. എന്നാൽ ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിന് ശേഷം സാമ്പത്തിക രംഗത്ത് സ്തംഭനാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ബാങ്കിൻറെ ഭാഗത്തു നിന്ന് നൽകിയിട്ടുണ്ട്. ഇത് വരാനിരിക്കുന്ന അവലോകന യോഗത്തിൽ കടുത്ത നടപടികളുമായി ബാങ്ക് മുന്നോട്ട് വരുമോ എന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്.


ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ചാൻസിലർ അവതരിപ്പിച്ച 40 ബില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവും അടക്കം സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കുന്ന ഘടകങ്ങൾ സെൻട്രൽ ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) വിലയിരുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതിന് എംപിസിയിൽ ഏകാഭിപ്രായം രൂപപ്പെട്ടിരുന്നില്ല. മൂന്നിനെതിരെ 6 പേരുടെ ഭൂരിപക്ഷത്തിനാണ് പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനമെടുത്തത്. ബാങ്കിൻറെ ഗവർണറായ ആൻഡ്രൂ ബെയ്‌ലി സമീപഭാവിയിൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയിലേക്ക് സൂചനകൾ നൽകിയിട്ടുണ്ട്. നികുതി വർദ്ധനവും മിനിമം വേതനത്തിലെ വർധനവും പണപ്പെരുപ്പത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ റീവ്സിൻ്റെ ബജറ്റിനോട് കമ്പനികൾ എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചു വരികയാണെന്ന് ബാങ്ക് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയുടെ പ്രവർത്തനം സമീപ മാസങ്ങളിൽ ദുർബലമായതായാണ് കണക്കുകൾ കാണിക്കുന്നത്. ഒക്ടോബർ മാസത്തിൽ ഉത്പാദനം 0.1 ശതമാനം കുറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗത്തിൽ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്.

യുകെയിൽ പണപ്പെരുപ്പം തുടർച്ചയായ രണ്ടാമത്തെ മാസവും കുതിച്ചുയർന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബർ വരെയുള്ള വർഷത്തിൽ യുകെയിൽ പണപ്പെരുപ്പ നിരക്ക് 2.6% ആയി ആണ് ഉയർന്നത് . കഴിഞ്ഞ മാർച്ച് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് നിലവിലുള്ളത്. ഇന്ധനത്തിന്റെയും വസ്ത്രങ്ങളുടെയും വിലവർധനവാണ് പണപ്പെരുപ്പ നിരക്ക് ഉയരുന്നതിന് കാരണമായത്. പണപ്പെരുപ്പ നിരക്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനമാണ്.