ന്യൂസ് ഡെസ്ക് മലയാളം യുകെ

കുതിച്ചുയരുന്ന വിലക്കയറ്റത്തെ ചെറുക്കാനുള്ള ശ്രമത്തിൽ പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിരക്കുകൾ 5% ത്തിൽ നിന്ന് 5.25% ആയി ബാങ്ക് ഉയർത്തി. പതിനഞ്ചു വർഷ കാലയളവിലെ ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. ഇതിനു പിന്നാലെ മോർട്ട്ഗേജുകളും ലോൺ പേയ്‌മെന്റുകളും ഉയരും. വ്യാഴാഴ്ച പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതുവരെ പലിശനിരക്ക് ഉയർത്തുമെന്ന് സൂചന ലഭിച്ചിരുന്നു. ജൂണിൽ പണപ്പെരുപ്പം 7.9 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും നാലിരട്ടിയാണിത്.

പലിശ നിരക്ക് സംബന്ധിച്ച് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ അംഗങ്ങൾക്കിടയിൽ മൂന്ന് വിധത്തിലുള്ള ഭിന്നതയാണുണ്ടായത്. ഒമ്പത് അംഗങ്ങളിൽ, ഗവർണർ ഉൾപ്പെടെ ആറ് പേർ നിരക്കുകൾ 5.25% ആയി ഉയർത്തുന്നതിന് വോട്ട് ചെയ്തപ്പോൾ രണ്ട് പേർ 5.5% ആയി കൂടുതൽ വർദ്ധനവാണ് മുൻപോട്ട് വച്ചത്. ബാക്കി അംഗങ്ങൾ 5% നിരക്കിൽ നിലനിർത്താൻ വോട്ട് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM

പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സാമ്പത്തികശേഷിയുള്ളവരെയാണ് ഏറെ ബാധിക്കുക. രാജ്യത്തെ സമ്പദ് വ്യവസ്ഥ നിയന്ത്രണ വിധേയമാക്കാൻ കുറച്ച് നാളുകൾ വേണമെന്നും 2025 ജൂണിൽ സാധാരണ നിലയിലേക്ക് പണപ്പെരുപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഉയർന്ന പലിശ നിരക്കുകൾ ആളുകൾ ലോണുകൾ എടുക്കുന്നത് ഒരു പരിധി വരെ കുറയ്ക്കുന്നു. ഇത് ആളുകളുടെ ജീവിത ചിലവുകൾ ചുരുക്കുമെന്നാണ് പ്രതീക്ഷ.

ഭക്ഷ്യ സാധനങ്ങളുടെ ഉയർന്ന വിലയാണ് പണപ്പെരുപ്പം മൂലം ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്. എന്നാൽ വിലയിലുള്ള വർദ്ധനവ് പല ഘട്ടങ്ങളായി ആണ് മാർക്കറ്റിൽ പ്രതിഫലിക്കുന്നത് എന്ന കാര്യം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ലാഭം വർദ്ധിപ്പിക്കാൻ അനാവശ്യമായി കമ്പനികൾ വില വർധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി “കോർപ്പറേറ്റ് ലാഭത്തിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.