ലണ്ടന്‍: കനത്ത മഞ്ഞുവീഴ്ചയും ഹിമക്കാറ്റും വരും ദിവസങ്ങളിലുണ്ടാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ സിഗ്നലുകള്‍ പോലും ഇതു മൂലം തടസപ്പെടാന്‍ ഇടയുണെന്ന് മുന്നറിയിപ്പ് പറയുന്നു. പവര്‍ ലൈനുകളിലെ ഈര്‍പ്പം തണുപ്പില്‍ ഉറഞ്ഞ് ഇല്ലാതായാല്‍ അവ പൊട്ടിയേക്കാമെന്നും അതുമൂലം സിഗ്നലുകള്‍ തടസപ്പെടാമെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. പവര്‍കട്ടുകള്‍ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ട് യെല്ലോ വാണിംഗുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കാറ്റിന് നാളെ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴയു മഞ്ഞുവീഴ്ചയും ഈയാഴ്ച മുഴുവന്‍ തുടര്‍ന്നേക്കും. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ഹിമക്കാറ്റ് നോര്‍ത്ത് ഇംഗ്ലണ്ടില്‍ ശക്തമായ കാറ്റിനും സ്‌കോട്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചക്കും കാരണമായേക്കും. നാല് ദിവസത്തേക്കെങ്കിലും മഴ തുടരുമെന്നാണ് പ്രവചനം. രാജ്യത്തുടനീളം താപനില പൂജ്യത്തിനു താഴെയാകും. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ കോള്‍ഡ് വെതര്‍ ഹെല്‍ക്ക് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്.
ഇംഗ്ലണ്ടിന്റെ സൗത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനിടയില്ലെന്നാണ് കരുതുന്നതെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. ഇന്ന് പുലര്‍ച്ചെയോടെ മഴയ്ക്ക് അല്‍പം ശമനമുണ്ടായേക്കും. കുംബ്രിയയില്‍ റോഡുകള്‍ മഞ്ഞില്‍ പുതച്ചതിനാല്‍ മഞ്ഞു നീക്കുന്ന വാഹനങ്ങളും ഷവലുകളുമായി ജനങ്ങളും രംഗത്തിറങ്ങി. നോര്‍ത്ത് വെസ്റ്റില്‍ കനത്ത മഞ്ഞുവീഴ്ച വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രവചനം. ലണ്ടനില്‍ കഴിഞ്ഞ രാത്രി -5 വരെ താപനില താഴുമെന്നായിരുന്നു മെറ്റ് ഓഫീസ് അറിയിച്ചിരുന്നത്.
കനത്ത മഞ്ഞില്‍ കുടുങ്ങിയ മൂന്ന് പേരെയാണ് മൗണ്ടന്‍ റെസ്‌ക്യു സംഘം ഇന്നലെ രക്ഷിച്ചത്. മണ്‍റോ മൗണ്ടന്‍സില്‍ കെയണ്‍ഗോം മൗണ്ടന്‍ റെസ്‌ക്യൂ സംഘം തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയ വിദേശിയെ ആശുപത്രിയിലാക്കി. സ്‌നോഡന്‍ റിഡ്ജില്‍ നിന്ന് രണ്ടു പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
Leave a Reply