ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ തൊഴിലവസരങ്ങളുടെ എണ്ണം കുത്തനെ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെ ജോലി ഒഴിവുകൾ 11 ലക്ഷത്തിൽ എത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. 2001 ന് ശേഷം ഇതാദ്യമായാണ് ഒഴിവുകൾ ഇത്രയധികം ഉയരുന്നത്. ചില്ലറവ്യാപാര മേഖലയിലും വാഹന അറ്റകുറ്റപ്പണി മേഖലയിലുമാണ് കൂടുതൽ ഒഴിവുകൾ. കോവിഡ് പ്രത്യാഘാതങ്ങളിൽ നിന്ന് തൊഴിൽ മേഖല ശക്തിപ്പെട്ടു വരികയാണ്. ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ എണ്ണം സെപ്റ്റംബറിൽ ഉയർന്നിട്ടുണ്ട്. എല്ലാ തൊഴിൽ മേഖലയിലും കോവിഡിന് മുമ്പുള്ളത്രയും ഒഴിവ് ഇപ്പോഴുമുള്ളതായി ഒഎൻഎസ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർക്കാരിന്റെ പ്രവർത്തനം പ്രോത്സാഹജനകമാണെന്ന് ചാൻസലർ റിഷി സുനക് പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് എട്ടു മാസം തുടർച്ചയായി കുറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും വർദ്ധിച്ചുവരുന്ന ഒഴിവുകൾ രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിനെ തടസ്സപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിദഗ്ദ്ധരായ ജീവനക്കാരെ കണ്ടെത്താൻ തൊഴിലുടമകൾ ബുദ്ധിമുട്ടുന്നതിനാൽ പല മേഖലയിലും ഒഴിവുകൾ വർദ്ധിക്കുകയാണ്. ജീവനക്കാരെ നിലനിർത്തുന്നത് ഒരു പ്രശ്നമാണെന്നും വ്യവസായത്തിന് മേൽ സമ്മർദ്ദം ഏറുകയാണെന്നും തൊഴിലുടമകൾ വ്യക്തമാക്കി.

ലോറി ഡ്രൈവർമാരുടെ കുറവ്, കോവിഡ്, ബ്രെക്സിറ്റ്, നികുതി മാറ്റങ്ങൾ എന്നിവയോടൊപ്പം കഴിഞ്ഞ ആഴ്ച ഇന്ധന വിതരണത്തിലുണ്ടായ തടസ്സവും ഭക്ഷ്യ വിതരണ ശൃംഖലയെ മോശമായി ബാധിച്ചു. തൊഴിൽ ക്ഷാമം സമ്പദ് വ്യവസ്ഥയെ മുഴുവൻ ബാധിക്കുന്നുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് സ്റ്റഡീസ് അറിയിച്ചു. കോവിഡ് സമയത്ത് സർക്കാർ ഏർപ്പെടുത്തിയ തൊഴിൽ പിന്തുണ പദ്ധതിയായ ഫർലോ സ്കീം കഴിഞ്ഞ മാസമാണ് അവസാനിച്ചത്. സ്കീമിനെ ആശ്രയിച്ചാണ് പത്തു ലക്ഷത്തോളം ജോലികൾ നിലനിന്നിരുന്നത്. എന്നാൽ അതിനുശേഷം ജോലി വെട്ടിക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.