മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
യു.കെ.കെ.സി.എ റിസോഴ്സ് ടീമിൻ്റെ ആഭിമുഖ്യത്തിൽ വളരെ വിജയകരമായി യൂണിറ്റുകളിൽ നടത്തിവന്നിരുന്ന സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ സാമുഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് 19 മഹാമാരി മൂലം നിർത്തി വച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 2 ന് യു.കെ.കെ.സി.എ നടത്തിയ വെർച്വൽ ക് നാനായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൽ യു.കെ.കെ.സി.എ പ്രസിഡൻ്റ് ശ്രീ ബിജി ജോർജ്ജ് മാംകൂട്ടത്തിൽ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ പുനരാരംഭിയ്ക്കുന്നതായി പ്രസ്താവിച്ചു.
2018 ൽ രൂപീകൃതമായ യു.കെ.കെ.സി.എ റിസോഴ്സ് ടീമിൻ്റെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടത്തപ്പെടുക. Know your heritage എന്ന പാഠ്യപദ്ധതിയുമായി യൂണിറ്റുകൾ സന്ദർശിച്ച് ക്ലാസ്സുകൾ നടത്തിയിരുന്ന റിസോഴ്സ് ടീമിന് യൂണിറ്റുകളിൽ നിന്നും ഊഷ്മള സ്വീകരണമാണ് ലഭിച്ചിരുന്നത്. ക്നാനായ സമുദായ ചരിത്ര അവബോധം ക്നാനായ യുവജനങ്ങളിലെത്തിക്കുക എന്നതാണ് Know your heritage പാഠ്യപദ്ധതിയിലൂടെ യു.കെ.കെ.സി.എ വിഭാവനം ചെയ്യുന്നത്. കോട്ടയം അതിരൂപതയുടെ ആധികാരിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി വിജ്ഞാനവും, വിനോദവും ഇടകലർത്തി ശ്രോതാക്കൾക്ക് താത്പര്യം തോന്നുന്ന രീതിയിൽ അവതരിപ്പിച്ചാണ് റിസോഴ്സ് ടീം ഇക്കാലമെത്രയും ജൈത്രയാത്ര തുടർന്നത്.
2019 ൽ ഒറ്റ വർഷം കൊണ്ടു തന്നെ യു.കെ.കെ.സി.എയുടെ 51 യൂണിറ്റുകളിൽ 30 യൂണിറ്റുകളിലും റിസോഴ്‌സ് ടീമിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്താനായി. സമുദായ ബോധവൽക്കരണ ക്ലാസ്സുകൾക്കായി വേദികളും അവസരങ്ങളുമൊരുക്കി യൂണിറ്റുകൾ തന്നെ റിസോഴ്സ് ടീം അംഗങ്ങൾക്ക് ഹൃദ്യമായ സ്വാഗതമേറിയപ്പോൾ ഒറ്റവർഷം കൊണ്ട് അറുപതു ശതമാനം യൂണിറ്റുകളും സന്ദർശിയ്ക്കാൻ റിസോഴ്സ് ടീമിനായി. യു.കെ.കെ.സി.എ വൈസ് പ്രസിഡൻ്റ് ശ്രീ സിബി തോമസ് കണ്ടത്തിലാണ് സമുദായ ബോധവൽക്കരണ ക്ലാസ്സുകളുടെ ചുമതല വഹിയ്ക്കുന്നത്. കൂടാരയോഗങ്ങളോടനുബന്ധിച്ച് സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്താനാഗ്രഹിയ്ക്കുന്നവർ സിബി തോമസ് കണ്ടത്തിലിനെ (07727004298) ബന്ധപ്പെടാവുന്നതാണ്.
Leave a Reply