മാത്യു പുളിക്കത്തൊട്ടിയിൽ

യുകെയിൽ അങ്ങോളമിങ്ങോളമുള്ള തെക്കുംഭാഗർക്ക് തങ്ങളുടെ യു.കെ.കെ.സി.എ ദേശീയ കൺവെൻഷനായി വർഷത്തിൽ ഒരു ദിവസം മാറ്റി വയ്ക്കാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ തന്നെയാണ്.
കാരണം ഈ ക്നാനായ സമുദായ സമൂഹ മഹാ സമ്മേളന ദിവസം തങ്ങളുടെ ഉറ്റവരും ഉടയവരും സഹപാഠികളുമൊക്കെയായ രക്ത ബന്ധുക്കളെ ഒരുമിച്ചു കാണാനും തങ്ങളിൽ തങ്ങളിൽ അൻപോടെ തഴുകി ആ ബന്ധുത്വത്തിൻറെ ഊഷ്മളത ആവോളം ആസ്വദിച്ച് ആനന്ദിക്കാൻ ലഭിക്കുന്ന അസുലഭ സന്ദർഭവുമാണത്. ഈ സന്ദർഭം നഷ്ടമാക്കാൻ സമുദായച്ചൂരുള്ള ഒരു ക്നാനായക്കാരനും ഇഷ്ടപ്പെടാത്തത് സ്വാഭാവികം.

അതുകൊണ്ടായിരിക്കാം *”കട്ട വെയിംറ്റിങ്ങ് ഫോർ യു.കെ.കെ.സി.എ കൺവെൻഷൻ”* എന്ന് മുതിർന്ന തലമുറയേക്കാൾ കൂടുതലായി യുവജനങ്ങൾ പരസ്പരം പറയുന്നത്. എന്തുകൊണ്ട് യുവജനങ്ങൾ ഇങ്ങനെ പറയുന്നു എന്ന ചോദ്യത്തിന്, മുതിർന്ന ക്നാനായ തലമുറ നാട്ടിൽ അനുഭവിച്ച് ആസ്വദിച്ച രക്ത ബന്ധത്വവും സ്വവംശ വിവാഹ നിഷ്ഠയും സമുദായ കൂട്ടായ്മയും ഈ പ്രവാസ ലോകത്ത് യുകെയിലും യുവതലമുറ ശരിയായ വിധത്തിൽ മനസ്സിലാക്കുന്നു. അത് തങ്ങൾക്കും വേണം എന്ന ശക്തമായ അവബോധം. അതൊന്നു മാത്രമാണ് *”കട്ട വെയിംറ്റിങ്ങ് ഫോർ യു.കെ.കെ.സി.എ കൺവെൻഷൻ”* എന്ന് യുവതലമുറ പരസ്പരം പറയുന്നതിലെ രഹസ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓരോ യൂണിറ്റുകളും യു.കെ.കെ.സി.എ കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി ബസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ആരോഗ്യപരമായ മൽസര ബുദ്ധിയോടെ, റാലിയിൽ ഏറ്റവും മികവാർന്ന പ്രകടനം തങ്ങളുടെ യൂണിറ്റ് കാഴ്ച വയ്ക്കുന്നതിനുള്ള പദ്ധതികളും ക്രമീകരണങ്ങളുമൊക്കെ ഓരോ യൂണിറ്റും അതീവ രഹസ്യ സ്വഭാവത്തോടെ ചെയ്തും വരുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം 3 വർഷം കൂടി നടക്കുന്ന കൺവെൻഷൻ ആയതുകൊണ്ട് പതിവിൽ കൂടുതലായുണ്ടാകുമെന്ന് കരുതുന്ന ജന പങ്കാളിത്തവും, കൂടാതെ നാട്ടിൽ നിന്നും യുകെയിൽ എത്തിയ പുതിയ സമുദായാംഗങ്ങളെയും കൺവെൻഷനിൽ പങ്കെടുപ്പിക്കാൻ സൗകര്യമൊരുക്കണമെന്നതും യു.കെ.കെ.സി.എ സെൻട്രൽ കമ്മറ്റി നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും ഒരുമയിലും തനിമയിലും വിശ്വാസ നിറവിലും വൻതിരമാലകളെ തോല്പിച്ച പൂർവികരുടെ അനുഗ്രഹത്താലും കരുതലാലും എല്ലാറ്റിലുമുപരിയായ ദൈവകൃപയാലും യു.കെ.കെ.സി.എ കൺവെൻഷൻ എണ്ണയിട്ട യന്ത്രം പോലെ അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനത്താൽ പൂർവ്വാധികം ഭംഗിയായി നല്ല ഫലം പുറപ്പെടുവിക്കും എന്ന് എല്ലാ ക്നാനായ സമുദായാംഗങ്ങളും ഉറച്ചു വിശ്വസിക്കുന്നു.