സ്വന്തം ലേഖകൻ
യു കെ :- അടുത്ത ആഴ്ച മുതൽ ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇത് മറ്റു രാജ്യങ്ങളിലുള്ള ഏകദേശം ഒരു ലക്ഷത്തോളം ബ്രിട്ടീഷുകാരെ പ്രതിസന്ധിയിലാക്കും എന്നാണ് റിപ്പോർട്ടുകൾ. യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ ബാർബഡോസ് പോലുള്ള രാജ്യങ്ങളിൽ ഇത്തരം ടെസ്റ്റുകൾ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. ഇത് നിരവധി ആളുകളെ പ്രതിസന്ധിയിലാക്കും. ബ്രിട്ടീഷുകാർക്കും, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും. സൗത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ വ്യാപിക്കുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് സ്‌ട്രെയിൻ രാജ്യത്തേക്ക് കടക്കാതിരിക്കാൻ ആണ് ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എയർപോർട്ടിൽ കടന്നാൽ 500 പൗണ്ട് പിഴ ഉണ്ടാകും. എന്നാൽ ഇതിനെതിരെ ട്രാവൽ ഇൻഡസ്ട്രി ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. കോവിഡ് ടെസ്റ്റിനുള്ള സൗകര്യമില്ലാത്ത രാജ്യങ്ങളിൽ ഉള്ള ആളുകൾക്ക് തിരിച്ചുവരുന്നതിന് ഇത് തടസ്സമാകും.
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനോടോപ്പം 10 ദിവസത്തേ ക്വാറന്റൈനിലും കഴിയണമെന്നാണ് പുതിയ നിർദ്ദേശം. എന്നാൽ അഞ്ചാമത്തെ ദിവസം വീണ്ടും ഒരു ടെസ്റ്റും കൂടി ചെയ്ത് നെഗറ്റീവായാൽ, ബാക്കി ദിവസം ഒഴിവാക്കാം. വൈറസിൻെറ പുതിയ സ്ട്രെയിൻ പലയിടത്തും വ്യാപിക്കുന്നതിനാൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
Leave a Reply