ബിബിന്‍ എബ്രഹാം

കെന്റ്: ഉദ്യാനനഗരിയായ കെന്റിലെ ടോണ്‍ബ്രിഡ്ജില്‍, ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തുന്ന വര്‍ണശബളമായ കാര്‍ണിവലില്‍ മലയാള തനിമയുടെ വര്‍ണാഭമായ കാഴ്ച്ചകള്‍ മഹനീയമായി പ്രദര്‍ശിപ്പിക്കുവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ടീം.

നാളെ (ഞായറാഴ്ച്ച) കൃത്യം പന്ത്രണ്ടു മണിക്കു തുടങ്ങുന്ന ഘോഷയാത്രയിലും ഫുഡ് ഫെസ്റ്റിവലിലും ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ടീം പങ്കെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആദ്യമായി കെന്റിലെ പൗരാണികവും പ്രസിദ്ധവുമായ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലില്‍ പങ്കെടുത്ത സഹൃദയ ഒന്നാം സ്ഥാനം നേടിയെടുത്തത് കേരളീയ തനത് കലാരൂപങ്ങളുടെയും കലാപ്രകടനത്തിന്റെയും മാന്ത്രിക സ്പര്‍ശം ഒരുക്കിയായിരുന്നു.

പോയ വര്‍ഷം രാജഭരണത്തിന്റെ ഓര്‍മ്മകളെ പൊടി തട്ടി ഉണര്‍ത്തി മഹാരാജാവും, മഹാറാണിയും തോഴിയും, നൃത്തവേഷവിധാനങ്ങളുമായി കുട്ടികളും മുന്നില്‍ നിന്നു നയിച്ച ഘോഷയാത്രയില്‍ താലപ്പൊലിയേന്തി മങ്കകളും മുത്തു കുടു ചൂടി പുരുഷ കേസരികളും അണിനിരന്നപ്പോള്‍ ചെണ്ടമേളത്തിനൊപ്പം കഥകളിയും തെയ്യവും ആടിത്തിമര്‍ത്തു. ഈ വര്‍ഷം മാറ്റു കൂട്ടുവാനായി പുലികളിയും, ആനചന്തവും മറ്റു ദൃശ്യാവിഷ്‌കാരങ്ങളും കൂടി ഒത്തു ചേരുമ്പോള്‍ അത് തിങ്ങിനിറയുന്ന കാണികള്‍ക്ക് നയന മനോഹര കാഴ്ച്ചയുടെ മാരിവില്ല് തന്നെ ഒരുക്കുമെന്നതില്‍ സംശയമില്ല. ഒപ്പം സഹൃദയയുടെ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന നടന വിസ്മയവും.

ഏകദേശം നാലായിരത്തോളം കാണികളും മുപ്പത്തിയഞ്ചോളം പ്ലോട്ടുകളും പങ്കെടുക്കുന്ന പല സംസ്‌കാരങ്ങളുടെ സംഗമവേദിയായ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലിലെ ഘോഷയാത്രയില്‍ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങള്‍ അണിനിരക്കുമ്പോള്‍ അത് കേരള സംസ്‌കാരത്തിന്റെ പ്രൗഢിയും പ്രതാപവും ഒപ്പം മലയാളത്തിന്റെ മുഗ്ധസൗന്ദര്യവും ബ്രിട്ടീഷ് മണ്ണില്‍ പ്രദര്‍ശിപ്പിക്കാനുള്ളെ ഒരു അവസരമായി ടീം സഹൃദയ കണക്കാക്കുന്നു.

ഒപ്പം സഹൃദയ ടോണ്‍ബ്രിഡ്ജ് കാസില്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന ഫുഡ് സ്റ്റാളില്‍ കൊതിയൂറുന്ന വിവിധയിനം നാടന്‍ വിഭവങ്ങള്‍ മിതമായ നിരക്കില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കു അസ്വദിക്കുവാനുള്ള അവസരവും ഉണ്ട്.


ഈ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാണുവാനും ഈ ആവേശത്തില്‍ പങ്കുചേര്‍ന്നു ഇത് ഒരു വന്‍ വിജയമാക്കി മാറ്റുവാനും കെന്റിലെ എല്ലാ മലയാളികളെയും സഹൃദയ ഹൃദയത്തിന്റെ ഭാഷയില്‍ ടോണ്‍ബ്രിഡ്ജിലേക്ക് ക്ഷണിക്കുകയാണ്.

കാര്‍ണിവലില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന വിലാസത്തില്‍ എത്തിച്ചേരുക.

Castle Street, Tonbridge, Kent. TN9 1BG