റജി നന്തികാട്ട്

യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018ലെ കലാമേള ഒക്ടോബര്‍ 6ന് ബാസില്‍ഡണില്‍ വെച്ചു നടത്തപ്പെടും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയ്ക്ക് വേദിയാകുന്നത് ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളാണ്. വിപുലമായ സൗകര്യങ്ങള്‍ ഉള്ള സ്‌കൂളിന്റെ പല വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. കലാമേള മുന്‍ വര്‍ഷങ്ങളിലെ പോലെ വന്‍ വിജയമാകുന്നതിന് വേണ്ടി റീജിയന്‍ ഭാരവാഹികളോടൊപ്പം ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും പ്രവര്‍ത്തനം തുടങ്ങിയതായി റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അറിയിച്ചു.

യുക്മ നാഷണല്‍ കമ്മറ്റി പുറത്തിറക്കിയ പരിഷ്‌കരിച്ച കലാമേള ഇ-മാന്വല്‍ അനുസരിച്ചായിരിക്കും മല്‍സരങ്ങള്‍ നടക്കുക. കലാമേള നിബന്ധനകള്‍ അടങ്ങിയ ഇ-മാന്വല്‍ ഇതിനോടകം എല്ലാ അംഗ അസോസിയേഷനുകള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍, മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല എന്നിവയും കലാമേളയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

കലാമേളയില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കലാമേള ഒരു വന്‍ വിജയമാക്കുവാന്‍ ഓരോ അംഗ അസോസിയേഷനുകളും ശ്രമിക്കണമെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോജോ തെരുവന്‍ (റീജിയന്‍ സെക്രട്ടറി): 07753329563