ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്ലാക്ക്‌ബേണ്‍: ക്യാൻസറിനോട് ധീരമായ് പോരാടി യുകെ മലയാളികൾക്ക് മാതൃകയായ ഷിജി (46) ഒടുവിൽ മരണത്തിനു കീഴടങ്ങി. ബ്ലാക്ക്‌ബേണ്‍ ഹോസ്പിറ്റല്‍ നേഴ്സായ ഷിജിയുടെ മരണം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു. രണ്ടു പതിറ്റാണ്ടായി യുകെയിൽ കഴിഞ്ഞ ഡോക്ടര്‍ ഫ്‌ലെമിങും ഭാര്യ ഷിജിയും മനോധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും ആൾരൂപങ്ങളായിരുന്നു. നാല് വര്‍ഷമായി ക്യാൻസർ ബാധിതയായിരുന്ന ഷിജിയുടെ മരണം പ്രിയപ്പെട്ടവർക്കെല്ലാം തീരാവേദനയാണ്. കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്‌കാരം യുകെയിൽ നടക്കും. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ദമ്പതികൾക്ക്. മൂവരും വിദ്യാർഥികളാണ്. കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒപ്പമുണ്ട്.
രോഗം മൂർച്ഛിച്ചതോടെ ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിച്ച ഷിജി പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ സംവിധാനങ്ങൾക്കൊന്നും തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഷിജി, ദൈവത്തിൽ ആശ്രയം വച്ചാണ് മുന്നോട്ട് നീങ്ങിയത്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം സ്ഥിരമായി പ്രാര്‍ത്ഥന കൂട്ടായ്മയിലും പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥന കൂട്ടായ്മയിലെ ഗായിക കൂടിയായിരുന്നു ഷിജി.
ഭർത്താവ് ഫ്ലെമിങ്ങ്, ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. ഫ്‌ലെമിങ്ങിന്റെ കരുതലും പരിചരണവും ഏറ്റുവാങ്ങിയാണ് ഷിജി യാത്രയായത്. വിശ്വാസത്തിൽ അടിയുറച്ച് നീങ്ങിയതോടെ രോഗത്തോട് പരിഭവം ഇല്ലാതെ പുഞ്ചിരിയും സന്തോഷവുമായി ശിഷ്ട കാലം ജീവിക്കാനായെന്ന് ഷിജി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഭേദപ്പെട്ട രോഗം മടങ്ങിയെത്തി ഷിജിയെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒന്നടങ്കം ദുഃഖത്തിലാണ്.
ഷിജിയുടെ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply