ഈ വര്‍ഷത്തെ ജി.സി.എസ്.ഇ ഫലം പുറത്തുവന്നപ്പോള്‍ മിക്കയിടത്തും മലയാളി കുട്ടികള്‍ നേടിയത് അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്. യു.കെയിലെ മിക്കവാറും സ്‌കൂളുകളില്‍ ഏറ്റവും മികച്ച റിസള്‍ട്ട് ഉണ്ടാക്കിയവരില്‍ മിക്കവരും മലയാളികള്‍ ആണെന്നത് ശ്രദ്ധേയമാണ്. അവരില്‍ ചിലരുടെ നേട്ടം സമാനതകളില്ലാത്തതായിരുന്നു.
അത്തരത്തില്‍ മികച്ച ഒരു നേട്ടത്തിന്റെ കഥയാണ് പൂളില്‍ നിന്നും വന്നിരിക്കുന്നത്. പൂളിലെ പാര്‍ക്ക് സ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന എമി സജി എന്ന മിടുക്കി കുട്ടി കരസ്ഥമാക്കിയത് എഴ് വിഷയങ്ങളില്‍ 9 ഗ്രേഡ് ആണ്. ഒപ്പം മൂന്ന് വിഷയങ്ങളില്‍ 8 ഗ്രേഡും ആണ്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ജോഗ്രഫി, ഹിസ്റ്ററി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ 9 ഗ്രേഡും കണക്ക്, ഫ്രഞ്ച്, ഇക്കണോമിക്സ് വിഷയങ്ങളില്‍ 8 ഗ്രേഡും നേടിയാണ് എമി സജി അഭിനന്ദനീയമായ നേട്ടം കൈവരിച്ചത്.
കൊട്ടാരക്കരം ചെങ്ങമനാട് തോട്ടത്തുവിളയില്‍ സജി മാത്യുവിന്റെയും കൊല്ലം കുണ്ടറ കരുവേലില്‍ റീന സജിയുടെയും മകളാണ് എമി സജി. പൂള്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ഇയര്‍ 5ല്‍ പഠിക്കുന്ന എബി സജിയാണ് സഹോദരന്‍. ഡോര്‍സെറ്റ് മെയില്‍ സെന്ററിലെ ജീവനക്കാരനായ സജി മാത്യൂവിനും പൂള്‍ എന്‍.എച്ച്.എസ് ഹോസ്പിറ്റലില്‍ ഡെര്‍മറ്റോളജി സെപ്ഷ്യലിസ്റ്റ് നഴ്‌സായ റീന സജീക്കും ഏറെ ആഹ്ലാദം പകരുന്നതായിരുന്നതായി മകള്‍ എമിയുടെ മികച്ച വിജയം.
ഒഴിവുസമയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുന്ന എമി സുഹൃത്തുക്കള്‍ക്കൊപ്പം ചെന്നൈ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലൊക്കെ എമിയും സുഹൃത്തുക്കളും സേവനങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യഭ്യാസത്തിന്റെ പ്രധ്യാന്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം നേടാന്‍ ഇത്തരം അവസരങ്ങള്‍ കാരണമായിത്തീര്‍ന്നു എന്ന് പറയുന്ന എമി ഇക്കര്യം പങ്ക് വെയ്ക്കുന്ന നിരവധി പ്രസംഗങ്ങളും മറ്റും സ്‌കൂളില്‍ നടത്തിയിട്ടുണ്ട്.
പഠന പാഠ്യേതര വിഷയങ്ങളില്‍ ഒരുപോലെ മികവ് തെളിയിച്ച എമിയുടെ വിജയം കുടുംബാംഗങ്ങള്‍ക്കൊപ്പം ആവേശപൂര്‍വമാണ് പൂളിലെയും ഡോര്‍സെറ്റിലെയും മലയാളികള്‍ ഏറ്റെടുത്തത്. നിരവധി പേരാണ് എമിക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ചത്.
Leave a Reply