ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെങ്ങുമുള്ള സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തിയ യുകെ മലയാളി പെൺകുട്ടി സൗപർണിക നായർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ക്വയറായ യെങ്ങ് വോയിസിൻ്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുകയാണ് സൗപർണികയ്ക്ക്. യുകെയിലെ 4500 സ്കൂളുകളിൽ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്കൂൾ കുട്ടികളാണ് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ക്വയറിൽ പങ്കെടുക്കുന്നത്.യുകെയിൽ സ്ഥിരതാമസമാക്കിയ ഡോ.ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപർണിക. കൊല്ലം സ്വദേശികളാണ് ഇവർ. യെങ്ങ് വോയിസിലേയ്ക്ക് ക്ഷണം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സൗപർണികയുടെ പിതാവ് ഡോ. ബിനു നായർ പറഞ്ഞു.
ജനുവരി ഫെബ്രുവരി മാസങ്ങളിലായി ഏകദേശം 35 ഓളം ഷോകളാണ് വിവിധസ്ഥലങ്ങളിൽ യെങ്ങ് വോയ്സിൻ്റേതായി നടക്കുന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം തുടങ്ങി മലയാളികൾ ഏറെയുള്ള സ്ഥലങ്ങളിൽ യെങ്ങ് വോയ്സിന് വേദികളുണ്ട്. ഷോയിൽ എല്ലാ ദിവസവും സൗപർണിക പങ്കെടുക്കുന്നുണ്ട്. ബിബിസി വണ്ണിന്റെ മൈക്കൽ മെക്കെന്റെർ ഷോയിലും സൗപർണിക പങ്കെടുത്തിട്ടുണ്ട്. ആ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപര്‍ണികയ്ക്കായി നിരവധി അവസരങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ട്. സൗപര്‍ണിക നായര്‍ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചു മിടുക്കിക്കുണ്ട്.
ബ്രിട്ടൻ ഗോട്ട് ടാലന്റിലെ സൗപർണികയുടെ അസാമാന്യ പ്രകടനം കണ്ട് സൈമൺ കോവെൽ ഉൾപ്പെടെ എല്ലാ വിധികർത്താക്കളും വേദിയിലും സദസ്സിലുമുള്ള ആയിരക്കണക്കിന് ആസ്വാദകരും എഴുന്നേറ്റു നിന്നു കരഘോഷത്തോടെ കുട്ടിത്താരത്തെ അഭിനന്ദിച്ചിരുന്നു. സൈമൺ കോവെൽ , അമൻഡാ ഹോൽഡൻ, അലിഷ ഡിക്സൺ, ഡേവിഡ് വില്യംസ് എന്നിവരായിരുന്നു ഈ പരിപാടിയിലെ വിധികർത്താക്കൾ. ജൂഡി ഗാർലൻഡിന്റെ ‘ട്രോളി സോംഗ്’ ആലപിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും കോവെൽ സൗപർണികയോട് മറ്റൊരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഷോമാൻ’ ഗാനം അവതരിപ്പിക്കാൻ സൗപർണികയ്ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിധികർത്താക്കളുടെയും സദസ്സിന്റെയും മനസ്സ് കീഴടക്കിയാണ് അവൾ ഗാനം ആലപിച്ചത്. വിധികർത്താക്കൾ എഴുന്നേറ്റു നിന്ന് കയ്യടിച്ച് സൗപർണികയെ പ്രശംസിച്ചു. ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോകളിലെ പ്രശസ്തനായ ജഡ്ജി സൈമൺ കോവലിനെ അത്ഭുതപ്പെടുത്തുന്ന പ്രകടമാണ് സൗപർണിക അന്ന് കാഴ്ചവെച്ചത്.
Leave a Reply