ഒട്ടേറെ സ്വപ്നങ്ങളുടെ ഭാരവും പേറിയാണ് മലയാളികൾ യുകെയിൽ എത്തുന്നത്. കോതമംഗലം സ്വദേശിയായ ഹനൂജിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പക്ഷേ യുകെയിലെത്തി ഒരു വർഷം തികയുന്നതിന് മുമ്പ് മരണം രംഗബോധമില്ലാത്ത കോമാളിയായി ഹനൂജിന്റെ ജീവനെടുത്തു. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി ഹനൂജ് ഇനി ഉണരാത്ത ഉറക്കത്തിലേയ്ക്ക് വീണിരിക്കുന്നു എന്ന് വിശ്വസിക്കാൻ ആർക്കും സാധിക്കുന്നില്ല.

കെയർ വിസയിൽ ആണ് ഹനൂജും ഭാര്യയും യുകെയിൽ എത്തിയത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന ഹനൂജിന് ക്ഷീണം തോന്നി രാവിലെ വീണ്ടും കിടക്കാൻ പോകുകയായിരുന്നു . രാവിലെ 7.30 ആയിട്ടും എഴുന്നേൽക്കാതെ കിടക്കുന്ന ഹനൂജിനെ ചലനമറ്റ നിലയിലാണ് ഭാര്യയ്ക്ക് കാണാൻ സാധിച്ചത്. വിളിച്ചറിയിച്ചതനുസരിച്ച് ഉടനെ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ മൃതദേഹം തുടർ നടപടികൾക്കായി പ്ലിമൗത്ത് ആശുപത്രിയിൽ ആണ്.

ബ്യുഡിലെ രണ്ട് കെയർ ഹോമുകളിലായിട്ടായിരുന്നു ഹനൂജും ഭാര്യയും ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. അതിൽ ഇളയ കുട്ടി നാട്ടിൽ ഹനൂജിന്റെ മാതാപിതാക്കൾക്ക് ഒപ്പമാണ് ഉള്ളത്. യുകെയിലെ ബാസിൽഡണിൽ താമസിക്കുന്ന ഹനൂജിന്റെ സഹോദരി ഹണി എൽദോയ്ക്ക് മരണവിവരമറിഞ്ഞ് ബ്യുഡിലേയ്ക്ക് തിരിച്ചിട്ടുണ്ട്.

ഹനൂജിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.