ന്യൂസ് ഡെസ്ക്, മലയാളം യുകെ
അതിഥികളുടെ കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ യുകെ മലയാളിയെ 14 മാസത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു . നോർത്തേൺ അയർലൻഡിലെ കൊളറെയ്നിലെ ഒരു ഹോട്ടലിൽ ക്ലീനറായി ജോലി ചെയ്യുന്നതിനിടെയാണ് നിർമൽ വർഗീസ് (37) അതിഥികളുടെ സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ കഴിഞ്ഞ വർഷം ജൂലൈയിൽ തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. . തുടർന്ന് നടന്ന വിചാരണയ്ക്ക് ശേഷം നവംബർ 17 നാണ് കോടതി ശിക്ഷ വിധിച്ചത്.
ഹോട്ടലിലെ വിനോദസൗകര്യങ്ങൾ ഉപയോഗിച്ചതിന് ശേഷം മുറിയിലേക്ക് തിരിച്ചെത്തിയ ഒരു സ്ത്രീ വസ്ത്രം മാറുന്നതിനിടെ നിർമൽ മറയ്ക്ക് കീഴിലൂടെ ഫോണെടുത്ത് ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതാണ് ഇയാൾ പിടിക്കപെടാൻ കാരണമായത് . സ്ത്രീ നിലവിളിച്ചതോടെ ഭർത്താവ് എത്തി നിർമലിനെ പിടികൂടുകയും തുടർന്ന് പരാതി നൽകുകയും ചെയ്യുകയായിരുന്നു. കൊളറെയ്നിലെ ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലിൽ ക്ലീനറായി പ്രവർത്തിക്കുമ്പോൾ ദമ്പതികളും സ്ത്രീകളും താമസിച്ചിരുന്ന മുറികളിൽ നിന്ന് വസ്ത്രം മാറുന്ന സ്വകാര്യ നിമിഷങ്ങളാണ് ഇയാൾ രഹസ്യമായി പകർത്തിയത്.
നിർമലിന്റെ ഫോണിൽ നിന്ന് 16ൽ കൂടുതൽ പേരുടെ സമാന രീതിയിലുള്ള ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയോടൊപ്പം നിർമലിന്റെ പേര് 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനും ഫോണുകൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹോം ഓഫീസ് ഇയാളുടെ വർക്ക് വിസ റദ്ദാക്കുമെന്നും ജയിൽശിക്ഷ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും.











Leave a Reply