ഓക്സ്ഫോർഡ്: കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഹീറോകളായി മാറിയത് നഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുമാണ്. ജീവിക്കുന്ന ദൈവത്തെ പോലെ കണ്ടാണു പലരും നഴ്സുമാരെ കണ്ടത്. നീണ്ട ഷിഫ്റ്റുകള്‍, ജീവനക്കാരുടെ കുറവ്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) കുറവ് എന്നിവ ഉണ്ടായിരുന്നിട്ടും, യുകെയിലെ നഴ്‌സുമാര്‍ കൊറോണ രോഗികളെ പരിചരിക്കുന്നതില്‍ മുന്നില്‍ തന്നെ നിന്നു.

എന്നാല്‍ ഇത്തരം പേടിപ്പെടുത്തുന്ന പ്രതിസന്ധികൾക്കിടയിലും മലയാളി മികവിന്റെ പേരില്‍ തലഉയർത്തി നിൽക്കുകയാണ് ഓക്‌സ്‌ഫോര്‍ഡിലെ ബാന്‍ബറിയിലുള്ള ജൂലി റിച്ചാര്‍ഡ്‌സണ്‍ നഴ്‌സിങ് കെയര്‍ ഹോം. നിലവില്‍ നാല്‍പതു അന്തേവാസികള്‍ കഴിയുന്ന ഇവിടെ കെയര്‍ ക്വാളിറ്റി കമ്മീഷന്റെ അപ്രഖ്യാപിത പരിശോധനയില്‍ അഞ്ചില്‍ നാലു മേഖലയിലും മികവ് നേടിയാണ് ഈ നഴ്‌സിങ് ഹോം അതിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ആലപ്പുഴയിലെ കുട്ടനാട് പുതുക്കരിയില്‍ നിന്നും യുകെയില്‍ എത്തിയ ജയന്തി ആന്റണി എന്ന മലയാളി നഴ്‌സ്, രജിസ്റ്റേര്‍ഡ് മാനേജരായി ഏഴു വര്‍ഷം മുന്‍പ് നിയമിതയായ ശേഷമാണ് ഈ നഴ്‌സിങ് ഹോം അതിന്റെ വിജയതീരത്തേക്ക് തുഴഞ്ഞെത്തിയത്.

വയോജന രോഗികളില്‍ ഭയവും ഒറ്റപ്പെടലും ലഘൂകരിക്കുക എന്നതിനു മുന്‍ഗണന നൽകുന്നു എന്ന് ജയന്തി… രോഗികളായ കൂടുതല്‍ പേര്‍ക്ക് വിഷാദരോഗം വരുന്നത് തടയുന്നതിൽ, രോഗികളുടെ   ആത്മവിശ്വാസം നിലനിര്‍ത്താന്‍ എടുത്ത മുൻകരുതലുകൾ, കുടുംബവുമായി ചേര്‍ന്നു പോവാന്‍ അവരെ സഹായിക്കുക… അടിസ്ഥാനപരമായി കഴിയുന്നത്ര അവരുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നു എന്ന് തുടങ്ങി വീട്ടിലേതു പോലെയുള്ള ഒരു സാഹചര്യം. സ്‌നേഹവും പരിചരണവും ലഭിക്കുന്ന അന്തരീക്ഷം. ഒരു കെയര്‍ ഹോം ആണെന്ന് പോലും തോന്നിപ്പിക്കാത്ത തരത്തില്‍ ഉള്ള പെരുമാറ്റവുമായി ജീവനക്കാരും മാനേജ്‌മെന്റും, പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സംഘത്തിന് നേതൃത്വം നല്‍കിയ ജെമിമ ബര്‍നേജിന് പറഞ്ഞു വെച്ചത് പൊൻതൂവലായി ജയന്തിയുടെ ഭരണ മികവിനും ഒപ്പം കട്ട സപ്പോർട്ടുമായി നിൽക്കുന്ന നഴ്സുമാർക്കും ഉള്ള അംഗീകാരം.

നഴ്‌സിങ് ജോലിയുടെ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദവും വെല്ലുവിളികളും കൈകാര്യം ചെയ്യുക പ്രധാനമാണ്. അവരുടെ കുടുംബങ്ങളില്‍ നിന്നുള്ള പിന്തുണ, സഹ നഴ്‌സുമാരുമായുള്ള ഐക്യദാര്‍ഢ്യം എന്നിവയ്ക്കു പുറമേ അവരുടെ ആവശ്യങ്ങള്‍ ആശുപത്രി മാനേജരും മാനേജ്‌മെന്റുകളും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു… ജയന്തി മലയാളം യുകെയോട് സംസാരിക്കുകയായിരുന്നു. അടുക്കും ചിട്ടയുമുള്ള ഓഫിസ് അന്തരീക്ഷം, കൃത്യത പുലര്‍ത്തുന്ന സേവന മികവ്, മികച്ച ജീവനക്കാരുടെ സാന്നിധ്യം, ഉയര്‍ന്ന അനുപാതത്തില്‍ ഉള്ള ജീവനക്കാരുടെ ലഭ്യത എന്നിവയില്‍ എല്ലാം ജൂലി റിച്ചാര്‍ഡ്‌സണ്‍ നേഴ്‌സിങ് ഹോം ഒരു പടി മുന്നില്‍ തന്നെയാണ്. അർഹതപ്പെട്ട സി ക്യൂ സി അംഗീകാരം.

ഡിമെന്‍ഷ്യ ബാധിച്ചവര്‍ അടക്കമുള്ള രോഗികളെ സ്‌നേഹ വാത്സല്യത്തോടെ പരിചരിക്കണം എന്ന നിര്‍ദേശമാണ് ജയന്തി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. അത് നടപ്പാക്കുന്നതില്‍ തന്നോടൊപ്പം ഉള്ള ജീവനക്കാര്‍ കാണിക്കുന്ന ശുഷ്‌ക്കാന്തി കൂടിയാണ് ഇപ്പോള്‍ സി ക്യൂ സി നല്‍കിയ ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് തെളിയിക്കുന്നത് എന്നും ജൂലി റിച്ചാര്‍ഡ്‌സണ്‍ നേഴ്‌സിങ് ഹോം മാനേജരായ ജയന്തി വ്യക്തമാക്കുന്നു.

പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ പിപിഇ ഒരു വലിയ പ്രശ്‌നമാണ്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ക്വാറന്റീനിലേക്കോ, അസുഖ അവധിക്ക് പോകാനോ അനുവദിക്കണം. വിശ്രമമില്ലാതെയാണ് പലരുടെയും ജോലി. അതു കൊണ്ടു തന്നെ കൂടുതല് ഷിഫ്റ്റുകള്‍ക്കിടയില്‍ ഇടവേള ഉറപ്പാക്കിയാണ് ജയന്തി തന്റെ സ്റ്റാഫിനെ പരിപാലിക്കുന്നത്. കഴിഞ്ഞ തവണ നടന്ന പരിശോധനയില്‍ അഞ്ചില്‍ ഒരു മേഖലയില്‍ മാത്രം ഔട്സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയ നഴ്‌സിങ് ഹോമാണ് ഇപ്പോള്‍ നാലു രംഗങ്ങളില്‍ മികവ് നേടിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത തവണ പരിശോധനയില്‍ എല്ലാ രംഗത്തും മികവ് കാട്ടാനുള്ള ശ്രമത്തിലാണ് ജയന്തിയും സഹപ്രവര്‍ത്തകരും. ജയന്തിയോടൊപ്പമുള്ള മലയാളി സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ ആകൃഷ്ടരായ കമ്പനി മാനേജ്‌മെന്റ് പ്രദേശത്തെ മലയാളി സമൂഹത്തിനു വേണ്ടി ഒട്ടും മോശമല്ലാത്ത ധനസഹായം നല്‍കാന്‍ തയ്യാറായതും ഈ നേട്ടത്തില്‍ ബാന്‍ബറിയിലെ മലയാളി സമൂഹത്തിന്റെ കൂടി സന്തോഷത്തിനു കാരണമാകുകയാണ്. ബാന്‍ബറി ജനറല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ഒന്‍പതു വര്‍ഷം ജോലി ചെയ്ത ജയന്തി തുടര്‍ന്നാണ് നഴ്‌സിങ് ഹോമിലേക്ക് സേവന രംഗം മാറ്റുന്നത്.

എന്‍എച്ച്എസിനെ അപേക്ഷിച്ചു കുറച്ചു കൂടി സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഉള്ള സ്വതന്ത്രവും സ്വന്തം ആശയങ്ങള്‍ നടപ്പാക്കാനുള്ള സാഹചര്യവുമാണ് ജയന്തിയെ നഴ്‌സിങ് ഹോം ജോലിയിലേക്ക് ആകര്‍ഷിച്ചത്. സാധാരണ മലയാളി നഴ്‌സുമാര്‍ നഴ്‌സിങ് ഹോമില്‍ നിന്നും എന്‍എച്ച്എസ് സംരക്ഷണ തണലിലേക്ക് കൂടു മാറുമ്പോഴാണ് ജയന്തി മറിച്ചു തീരുമാനിക്കുന്നത്. ചെയ്യുന്ന ജോലിയില്‍ ഉള്ള ആത്മ സംതൃപ്തിയാണ് ഇതിനു മുഖ്യ കാരണമായി മാറിയതും.

ഏഴുവര്‍ഷം മുന്‍പ് ജയന്തി എടുത്ത തീരുമാനം പൂര്‍ണമായും ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സി ക്യൂ സി നല്‍കിയിരിക്കുന്ന ഔട്ട് സ്റ്റാന്റിംഗ് സര്‍ട്ടിഫിക്കറ്റ്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന നഴ്‌സിങ് ഹോമുകള്‍ വിരളമാണ്. ഇവര്‍ മാനദണ്ഡം ആക്കുന്ന അഞ്ചു കാര്യങ്ങളില്‍ നാലിലും മികവ് തെളിയിച്ചാണ് ജയന്തിയുടെ നഴ്‌സിങ് ഹോം മികവിന്റെ പട്ടികയില്‍ എത്തുന്നത്. സേഫ്, എഫക്റ്റീവ്, കെയറിങ്, റെസ്‌പോണ്‍സീവ്, വെല്‍ ലെഡ് എന്നീ അഞ്ചു മേഖലയിലാണ് സി ക്യൂസി മികവ് തേടുക. ഇതില്‍ നാലിലും ജൂലി റിച്ചാര്‍ഡ്‌സണ്‍ നഴ്‌സിങ് ഹോം ഒന്നാമത് എത്തുക ആയിരുന്നു.

മലയാളികള്‍ക്ക് പൊതുവെ മാനേജിങ് സ്‌കില്‍ കുറവുണ്ടെന്ന് പറയുന്നവര്‍ക്ക് ഉള്ള മറുപടി കൂടിയാണ് തന്റെ ജോലിയിലൂടെ ജയന്തി തെളിയിച്ചിരിക്കുന്നത്. മാനേജ്‌മെന്റും ജീവനക്കരും കാട്ടുന്ന തികഞ്ഞ ആത്മാര്‍ത്ഥതയും സി ക്യൂ സി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. പരിചരിക്കാന്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ ഡിമെന്‍ഷ്യ രോഗികളെ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചുള്ള വാത്സല്യ പൂര്‍വമുള്ള സംരക്ഷണമാണ് ഈ നഴ്‌സിങ് ഹോം നല്‍കുന്നത് എന്നും സി ക്യൂ സി വിലയിരുത്തുന്നു.

ജീവനക്കാര്‍ സ്ഥാപനത്തിന്റെ നട്ടെല്ലായി കണ്ടു അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഹോം മാനേജ്‌മെന്റ് നല്‍കുന്ന ശ്രദ്ധയും മികച്ചത് ആണെന്നും ജയന്തി സൂചിപ്പിച്ചു. മിക്ക കെയര്‍ ഹോമുകളിലും സേവനം മോശമാകുന്നത് സ്ഥിരം ജീവനക്കാരുടെ അഭാവം ആണെന്നത് കേട്ടു പരിചയിച്ച വസ്തുത കൂടിയാണ്. ജീവനക്കാരോട് മാനേജ്‌മെന്റ് രീതികള്‍ മോശമായി തുടങ്ങിയാല്‍ സ്ഥിരം ജീവനക്കാര്‍ എന്നത് വെല്ലുവിളി ആയി മാറും. ആത്യന്തികമായി ഇത് സ്ഥാപനം നല്‍കുന്ന സേവനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. മികവിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്ന ജൂലി റിച്ചാര്‍ഡ്‌സണ്‍ ഹോം തെളിയിക്കുന്നതും മറ്റൊന്നല്ല.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ബാന്‍ബറിയില്‍ താമസിക്കുന്ന ജയന്തിയും ഭര്‍ത്താവ് ആന്റണി വര്‍ഗീസും പ്രദേശത്തെ മലയാളി സമൂഹത്തിനും ഏറെ പ്രിയപ്പെട്ടവരാണ്. സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന അലീനയും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ആല്‍ഫ്രഡ്മാണ് ഇവരുടെ മക്കള്‍. ഡല്‍ഹിയില്‍ നിന്നും നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയാണ് ജയന്തി യുകെയില്‍ എത്തുന്നത്. മകള്‍ നല്ലൊരു നഴ്‌സ് ആയി മാറണം എന്നത് തന്റെ മാതാപിതാക്കളുടെ സ്വപ്നം ആയിരുന്നെന്നും താന്‍ ഇപ്പോള്‍ അവരുടെ ആഗ്രഹം പൂര്‍ത്തീകരിച്ച സന്തോഷത്തില്‍ ആണെന്നും ജയന്തി ആത്മസംതൃപതിയോടെ പങ്ക്‌വെച്ചു.. കോൺഫെറൻസ് കോളിൽ മലയാളം യുകെയോട്..

രോഗാവസ്ഥയില്‍ ഒറ്റപ്പെടല്‍ താങ്ങാനാവില്ല. അതു കൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് അവര്‍ കാണുന്ന ഒരേയൊരു സൗഹൃദ മുഖം നേഴ്‌സുമാരുടേതാണ്.. നാം നേഴ്‌സുമാരാണ്. ഇതാണ് നമ്മുടെ ജോലി, ഇതു നമ്മള്‍ സ്വയം തിരഞ്ഞെടുത്തതാണ്. നടക്കുന്നത്, ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണെന്ന് ഈ കോവിഡ് കാലത്ത് നാം തിരിച്ചറിയുകയും ചെയ്യുന്നു…

തങ്ങളാണ് യുദ്ധമുഖത്തെ മുന്നണി പോരാളികളെന്നു തിരിച്ചറിഞ്ഞതോടെ, മാനുഷികവും ദൈവികവുമായ പ്രവര്‍ത്തനങ്ങളാണ് ലോകമെമ്പാടുമുള്ള നഴ്സുമാർ  കാഴ്ചവച്ചത്. ഒട്ടേറെ മലയാളികള്‍ യുകെയിൽ നഴ്‌സിംഗ് മേഖലയിൽ പ്രവര്‍ത്തിക്കുന്നത് ജീവനും പണയം വച്ചാണ്. അവരുടെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു കോവിഡിനെ വരുതിയിലാക്കാന്‍ യുകെയെ  സഹായിച്ചതെന്നു പറയാതെ വയ്യ. ആത്മാര്‍പ്പണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സമര്‍പ്പണമായിരുന്നു നഴ്സുമാരുടെ ജോലി. നഴ്‌സായതിൽ അഭിമാനം കൊള്ളുന്ന ജയന്തി യുകെ മലയാളികൾക്ക് ഇന്ന് ഒരു അഭിമാനമായി നിലകൊള്ളുന്നു… എളിമയോടെ, സേവന സന്നദ്ധതയോടെ…