ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ 17 വയസ്സുള്ള പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതി ശിക്ഷാകാലമായ രണ്ട് വർഷത്തിൽ 12 മാസം കുട്ടി കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് കുറഞ്ഞ പ്രായം ആണുണ്ടായിരുന്നത് എന്നതും പ്രതി താൻ ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കുന്നു എന്നതും കണക്കിലെടുത്താണ് കോടതി വിധി ഉണ്ടായത്. എന്നാൽ പ്രതിക്ക് മതിയായ ശിക്ഷ നൽകിയില്ലെന്ന് ആരോപിച്ച് ജെറാൾഡ് നെറ്റോയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ മരണത്തിന് കാരണമായാൽ പോലും കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം യുവാക്കൾക്ക് ലഭിക്കുന്നതിന് ഈ വിധി കാരണമാകുമെന്ന് ജെറാൾഡ് നെറ്റോയുടെ മകൾ ജെന്നിഫർ ആരോപിച്ചു.
പ്രതിക്കെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് ജെന്നിഫർ ഇപ്പോൾ. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിൻറെ നിബന്ധനകൾ ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം നടത്തുന്നത്.
ജെറാൾഡ് നെറ്റോയുടെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ചിന്തിക്കാനാകാത്ത വേദനയും ദുഃഖവും ഉണ്ടാക്കിയെന്ന് ജഡ്ജി റെബേക്ക ട്രോളർ കെസി പറഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത ആൺകുട്ടിക്ക് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത് എന്നും നെറ്റോയെ ഉപദ്രവിക്കാനോ കൊല്ലാനോ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്നും അയാൾ മരിച്ചതിൽ താൻ ഖേദിക്കുന്നതായും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു എന്നതും കണക്കിലെടുത്തതാണ് ശിക്ഷ വിധിക്കുന്നത് എന്ന് ജഡ്ജി സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം മാർച്ച് 19 ന് പുലർച്ചെ, നെറ്റോ ഹാൻവെല്ലിലെ യുക്സ്ബ്രിഡ്ജ് റോഡിലുള്ള ഡ്യൂക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്ന് തെരുവ് മുറിച്ചുകടന്ന് കൗമാരക്കാരനെയും സുഹൃത്തുക്കളെയും സമീപിക്കുകയും അവരിൽ ഒരാൾക്ക് ഹസ്തദാനം നൽകി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് കൊലപാതകം നടക്കുന്നത്. പ്രതിയായ കൗമാരക്കാരൻ നെറ്റോയെ പരിഹസിക്കുകായും അയാളുടെ പാൻറ് വലിച്ച് ഊരാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും നെറ്റോ രണ്ടുതവണ നിലത്തുവീണതായി സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലത്ത് വീണ നെറ്റോയുടെ ശരീരത്തിൽ ചാടി ചവിട്ടിയ ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി പോകുന്നതായും സിസി ടിവിയിൽ ഉണ്ട്. ഇതിനെ തുടർന്ന് പ്രദേശവാസികൾ ആംബുലൻസ് വിളിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നെറ്റോ പിന്നീട് മരണത്തിന് കീഴടങ്ങി. വീഴ്ചയിൽ നെറ്റോയുടെ തലച്ചോറിന് ഗുരുതര ആഘാതമുണ്ടാകുകയും ഇത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്തതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരത്ത് നിന്ന് കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾക്കും രണ്ട് മൂത്ത സഹോദരന്മാർക്കും ഒപ്പം പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലേക്ക് താമസം മാറിയതാണ് നെറ്റോ. ഇലക്ട്രീഷ്യനായി യോഗ്യത കരസ്ഥമാക്കിയ നെറ്റോ നിർമ്മാണ മേഖലയിലും കാർ അറ്റകുറ്റപ്പണികൾ മുതൽ പൂന്തോട്ടപരിപാലനം വരെയുള്ള ജോലികളിലും മികവ് പുലർത്തിയിരുന്നു. പലപ്പോഴും പ്രായമായവർക്ക് സൗജന്യമായി സേവനം ചെയ്യുകയും ചെയ്തിരുന്നു.
	
		

      
      



              
              
              




            
Leave a Reply