മലയാളം യുകെ സ്‌പെഷ്യല്‍ ന്യൂസ്.
യു.കെയില്‍ ആരും കൊതിക്കുന്ന ജോലിയും ജീവിത സൗകര്യങ്ങളുമായി കഴിയുമ്പോഴും സൗമ്യ കെ. വിജയന്റെ മനസില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്വന്തം നാട്ടുകാരും നാടും അനുഭവിക്കുന്ന കഷ്ടതകളും ദുരിതവുമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌ന്തോഷകരമായ അവസരത്തില്‍ സൗമ്യയ്ക്ക് വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട് വലയുന്ന നാടിനെ സഹായിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതുകൊണ്ടാണ് വിവാഹ നിശ്ചയ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി മിച്ചം ലഭിച്ച ഒരു ലക്ഷം രൂപ സൗമ്യയും ഭാവി വരന്‍ വരുണും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സാധിച്ചത്.
കഴിഞ്ഞ വ്യാഴായ്ച്ചയാണ് സൗമ്യയുടെ പിതാവ് ടി.കെ വിജയന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം.എം മണിക്ക് കൈമാറിയത്. മിഡ്‌യോര്‍ക്ക്‌ഷെയര്‍ എന്‍.എച്ച്. എസ് ട്രസ്റ്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന സൗമ്യ ലീഡ്‌സിനടുത്തുള്ള വെയ്ക്ക്ഫീല്‍ഡിലാണ് താമസം. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമായ സൗമ്യ വെസ്റ്റ്‌യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ യൂത്ത് കോഡിനേറ്ററായിരുന്നു. കേരളത്തില്‍ നിന്നും യു.കെയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം മാത്രം കഴിഞ്ഞപ്പോള്‍ ബാന്‍ഡ് 6 ലഭിച്ചത് സമ്യയുടെ തൊഴില്‍ മികവിനെ അടയാളപ്പെടുത്തുന്നു.
ഇടുക്കി ജില്ലയിലെ അണക്കര ഏഴാം മൈലില്‍ കല്ലുറുമ്പില്‍ മുന്‍ പട്ടാള ഉദ്യോഗസ്ഥനായ ടി.കെ വിജയന്റെയും ഭാനുമതിയുടെയും മകളായ സൗമ്യയ്ക്ക് ജീവിതത്തിന്റെ നല്ലൊരു ഭാഗം രാജ്യസേവനത്തിനായി വിനിയോഗിച്ച പിതാവ് പകര്‍ന്നു നല്‍കിയ സാമൂഹിക പ്രതിബന്ധത ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രചോദനമായി. കേരളത്തിലെമ്പാടും ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരിതബാധിതരെ സഹായിക്കാനെത്തിയ യുവ തലമുറയുടെ സാമൂഹിക പ്രതിബന്ധതയുടെ നേര്‍കാഴ്ച്ചയാവുകയാണ് സദാ പുഞ്ചിരിയുമായി പേര് സൂചിപ്പിക്കുന്ന പോലെ സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായ സൗമ്യയുടെയും ഭാവി വരന്‍ വരുണിന്റെയും തീരുമാനം. സൗമ്യയ്ക്കും വരുണിനിനും മലയാളം യു.കെയുടെ അഭിനന്ദനങ്ങളും ആശംസകളും.
Leave a Reply