ഇപ്‌സ്‌വിച്: യുകെയിലെ ഇപ്‌സ്‌വിച്ചിലുള്ള ഈ മലയാളി നഴ്സുമാരുടെ വാർത്തകൾ ബിബിസി, ഡെയിലി മെയിൽ എന്ന് തുടങ്ങി പല മുൻനിര ഇംഗ്ലീഷ് മാധ്യമങ്ങളും 2018 മുതൽ പലപ്പോഴായി നൽകുന്നു. കാരണം ഈ മലയാളി കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന ഉന്നതിയും ഏതൊരാളുടെയും കണ്ണ് തുറപ്പിക്കുന്നതും പ്രചോദനം പകർന്നു നൽകുന്നതുമാണ് എന്ന കാര്യത്തിൽ തർക്കമില്ല. നഴ്സിംഗ് പഠനം പൂർത്തിയാക്കി സാഫോക്ക് യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങുകൾ ആണ് ഇവർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.
ആദ്യമായി ഇവരെക്കുറിച്ചു വാർത്ത വരുന്നത് ബിബിസിയിൽ 2018 ആണ്. നാല് പേരും ഒരേ യൂണിവേഴ്സിറ്റിയിൽ പ്രവേശനം സംഭവിച്ചപ്പോൾ ആയിരുന്നു. പിന്നീട് യുകെയിലെ പല മാധ്യമങ്ങളും തുടന്ന് അമേരിക്കയിൽ നിന്നും ഇവരെ ബന്ധപ്പെട്ട് വാർത്തകൾ വരികയുണ്ടായി.ഒരു മിനിറ്റ് ഇടവിട്ട് ഉണ്ടായ നാല് പെൺകുട്ടികൾ ആണ് ഈ കുടുംബത്തെ ലോക സമൂഹത്തിന് മാധ്യമങ്ങൾ പരിചയപ്പെടുത്താൻ ഉണ്ടായ പ്രധാന കാരണമെങ്കിൽ പിന്നീട് ഇവർ എടുക്കുന്ന അല്ലെങ്കിൽ നേടുന്ന ഓരോ വിജയവും വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ മലയാളം യുകെയോട് പങ്കുവെച്ച കാര്യങ്ങൾ ഞങ്ങൾ ലോക മലയാളി സമൂഹത്തിനായി, വളർന്നു വരുന്ന യുകെ മലയാളി കുട്ടികളെ ഓർത്തു വേവലാതിപ്പെടുന്ന രക്ഷാകർത്താക്കൾക്ക്, ഒപ്പം മറ്റു രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾക്കായി പങ്കുവെയ്ക്കുന്നു.
കായംകുളം സ്വദേശിയായ ഷിബു മാത്യു ഭാര്യ ജോബി ഷിബു, പത്തനംതിട്ട നെടുമ്പൻകര സ്വദേശിനി. പ്രവാസികളായി ഒമാനിലേക്ക്. എല്ലാവരെയും പോലെ കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരുന്ന ഈ ദമ്പതികൾ പക്ഷെ കാത്തിരിക്കേണ്ടിവന്നത് 6 വർഷങ്ങൾ… സ്വാഭാവികമായും മറ്റുള്ളവരിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ… അതുണ്ടാക്കുന്ന മനോവേദന… പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഒരു വശത്തും ഇത്തരം മാനസിക വ്യഥകൾ മറ്റൊരുവശത്തും. എങ്കിലും എന്നും വിശ്വാസത്തിൽ ഗാഢമായി സമർപ്പിതമായ ജീവിതം.
ജോബി ഷിബുവിന്, ജീവിതത്തിൽ വെളിച്ചമായി പ്രതീക്ഷയായി ആ സന്തോഷവാർത്തയെത്തി. താൻ ഗർഭിണിയായിരിക്കുന്നു… മുറപോലെ സ്‌കാനിങ് നടന്നു. ഒരു കുട്ടിയെ പ്രതീക്ഷിച്ചു സ്കാനിംഗ് നടത്തിയപ്പോൾ തന്റെ ഗർഭപാത്രത്തിൽ ഉള്ളത് ഒന്നല്ല മറിച്ചു കുട്ടികൾ മൂന്നാണ് എന്ന വാർത്ത… താൻ അനുഭവിച്ച ആറ് വർഷത്തെ വേദനകൾക്ക്, പ്രാർത്ഥനകൾക്ക് പ്രതിഫലം തന്നിരിക്കുന്നു എന്ന് ജോബിയും ഭർത്താവ് ഷിബുവും തിരിച്ചറിഞ്ഞു.
മൂന്ന് കുട്ടികളെയും നോക്കാൻ സമയം വേണം എന്ന തിരിച്ചറിവ് 1995 മുതൽ 2000 ആണ്ട് വരെയുള്ള അഞ്ച് വർഷത്തെ ഗൾഫ് പ്രവാസം മതിയാക്കി പ്രസവത്തിനായി നാട്ടിലേക്ക് പുറപ്പെട്ടു. സിസേറിയൻ നടക്കുമ്പോൾ മാത്രമാണ് കുട്ടികൾ മൂന്നല്ല നാലാണ് എന്ന് തിരിച്ചറിയുന്നത്. ഓരോ മിനിറ്റുകളുടെ വ്യത്യാസത്തിൽ എയ്ഞ്ചൽ, അനീറ്റ, അലീന, അനീഷ എന്നീ നാല് പെൺകുട്ടികൾ… ജോബി ഷിബു മലയാളം യുകെയോട് പങ്കുവെച്ചത് ജീവിതത്തിൽ പ്രതീക്ഷിക്കാത്ത, സ്കാനിങ്ങിൽ തെളിയാത്ത യേശുവിന്റെ പരിപാലനയെക്കുറിച്ചാണ്, അനുഗ്രഹത്തെക്കുറിച്ചാണ്.നാലുപേരെയും നന്നായി വളർത്തണം… അവർക്കു നല്ലൊരു ജീവിതം ഉണ്ടാകണമെങ്കിൽ പണം ആവശ്യമാണ്. കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തശേഷം ജോബി യുകെയിലേക്ക് 2007 ൽ എത്തിച്ചേർന്നു. അതും നഴ്‌സായി ജോലി ചെയ്തുകൊണ്ടിരുന്ന ആൾ എത്തിയത് സീനിയർ കെയറർ വിസയിൽ. ഇപ്‌സ്‌വിച്ചിനടുത്തുള്ള ഫ്രാമലിംഗം എന്ന സ്ഥലത്തുള്ള നഴ്സിംഗ് ഹോമിലേക്ക്. രണ്ട് വർഷങ്ങൾക്ക് ശേഷം കുട്ടികളെയും യുകെയിൽ എത്തിച്ചു.
പരിശ്രമിച്ചാൽ എന്നും ജീവിത വിജയങ്ങൾ നേടാം എന്ന വിശ്വാസം ജോബിയെ എത്തിച്ചത് സഫോക് യൂണിവേഴ്സിറ്റിയിലെ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയായി പഠനം തുടങ്ങുകയായിരുന്നു. 2017 ൽ നഴ്സിംഗ് ഡിഗ്രി നേടി സീനിയർ കെയറർ എന്ന പദവി ഉപേക്ഷിച്ചു നഴ്‌സായി ഇപ്‌സ്‌വിച് ആശുപത്രിൽ. നഴ്സിംഗ് പഠിച്ചതുകൊണ്ട് അതിൽ നിന്നും എന്തൊക്കെ നേടാമെന്നും മനസ്സിലാക്കിയ ജോബി കുട്ടികളോടും അത് പങ്കുവെച്ചു. എങ്കിലും ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് അനുസൃതമായി തിരഞ്ഞെടുക്കാനും അനുവാദം നൽകുകയുണ്ടായി.
എന്നാൽ അമ്മയെ പിന്തുടർന്ന് മൂന്ന് മക്കൾ ‘അമ്മ പഠിച്ച അതെ യൂണിവേഴ്സിറ്റിയിൽ ചേരുകയായിരുന്നു. അനീറ്റ, എയ്ഞ്ചൽ, അലീന എന്നിവർ നഴ്സിങ്ങിനും, അനീഷ ഫിസിയോതെറാപ്പി തിരഞ്ഞെടുത്ത് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ തന്റെ പഠനം പൂർത്തിയാക്കി. മൂന്ന് പേരുടെ ട്രെയിനിങ് പ്ലെയ്സ്മെന്റുകൾ എല്ലാം തന്നെ ജോബി ജോലിചെയ്തിരുന്ന ഇപ്സ്വിച് ആശുപത്രിയിലായിരുന്നു. ഉന്നത വിജയം കരസ്ഥമാക്കി കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതി (21/10/2021) നടന്ന ബിരുദധാന ചടങ്ങുകൾ ആണ് ഇപ്പോൾ യുകെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. (ഈ ചടങ്ങുകൾ ക്യാമറയിൽ പകർത്തിയത് കുടുംബ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ബെന്നി ചാക്കോയാണ് – 07398717843)പഠനം പൂർത്തിയാകുന്നതോടെ ജോലി കണ്ടുപിടിക്കണം. എന്തായാലും കെയിംബ്രിഡ്ജ് പാപ് വെർത് ആശുപത്രിയിലേക്ക് ഒരു അപ്ലിക്കേഷൻ വിട്ടത് മൂത്ത കുട്ടി എയ്ഞ്ചൽ ആണ്. എന്തായാലും കൊറോണ സമയം ആയിരുന്നതിനാൽ ഓൺലൈൻ ഇന്റർവ്യൂ ആണ് നടന്നത്. കഠിനമായ ചോദ്യങ്ങൾക്ക് സമർത്ഥമായി ഉത്തരം നൽകിയപ്പോൾ ആശുപത്രി അധികൃതർക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ഇന്റർവ്യൂ നടക്കുന്ന സമയത്തു വീട്ടിലുള്ളവരെപ്പറ്റി ചോദിക്കുക യുകെയിൽ സാധാരണമാണ്. ഈ അവസരത്തിൽ എയ്ഞ്ചൽ നഴ്സുമാരായ തന്റെ സഹോദരിമാരെപ്പറ്റി പരാമർശിച്ചപ്പോൾ എയ്ഞ്ചൽലിനെ ഞെട്ടിച്ചു ഇന്റർവ്യൂ ബോർഡ് ചോദിച്ച ചോദ്യ ആയിരുന്നു. നിന്റെ സഹോദരിമാർ എന്തൊകൊണ്ടാണ് ഇവിടെ ഈ ആശുപത്രിയിൽ ജോലിക്കായി അപേക്ഷിക്കാത്തതെന്ന്? തുടർന്ന് അനീറ്റ, അലീന എന്നിവർ അപേക്ഷ കൊടുക്കുകയും ജോലി ലഭിക്കുകയും ആയിരുന്നു. കെയിംബ്രിഡ്ജ് പാപ് വെർത് ആശുപത്രി വെബ്സൈറ്റിൽ ഇവറെപ്പറ്റിയുള്ള ലേഖനം ഫോട്ടോ സഹിതം ആർക്കും കാണാം. അനീഷ കെറ്റേറിങ് ജനറൽ ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായിട്ടാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.
യുകെയിൽ മെയിന്റനൻസ് ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്ന ഷിബു തന്റെ ഭാര്യയുടെയും മക്കളുടെയും സേവന മനോഭാവത്തിൽ അഭിമാനിക്കുകയാണ്. മക്കളായ പെൺകുട്ടികളെ നഴ്സിങ് ആണ് പഠിപ്പിക്കുന്നത് എന്ന് സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ പലരും നിരുൽസാഹപ്പെടുത്തിയെങ്കിലും ജോബിക്ക് തന്റെ പെൺമക്കൾ മെഡിക്കൽ ഫീൽഡ് തിരഞ്ഞെടുത്താൽ വിജയമേ ലഭിക്കു എന്ന് ഉറച്ചു വിശ്വസിച്ചു.
ഇന്ന് ഈ പെൺമക്കളുടെ വിജയങ്ങളുടെ നല്ല വാർത്തകൾ യുകെ മലയാളി കുടുംബങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ. കാരണം യുകെയിൽ നഴ്സിംഗ് പഠിച്ചാൽ അത്രമാത്രം ഉയർച്ച നേടാനും മറ്റ് പല ഫീൽഡിലേക്കും വളരാനുമുള്ള അവസരം നൽകുന്നു എന്നാണ് അനുഭവസ്ഥയായ ഈ നാല് പെൺകുട്ടികളുടെ അമ്മയായ ജോബി ഷിബു മലയാളം യുകെയോട് പറഞ്ഞു നിർത്തിയത്.
Leave a Reply