ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിലെ ആഷ്‌ഫോര്‍ഡില്‍ സോജൻ ജോസഫ് രാജി വച്ച കൗൺസിൽ സീറ്റിലേക്ക് മൽത്സരിക്കാൻ ഒരുങ്ങി യുകെ മലയാളി നേഴ്‌സ്. കൗൺസിലിലെ ആദ്യ മലയാളി ആയിരുന്നു സോജൻ ജോസഫ്. അദ്ദേഹം വിജയിച്ച കൗൺസിലിൽ വീണ്ടും ഒരു മലയാളി വരുമോ എന്ന ആകാംഷയിൽ ആണ് യുകെ മലയാളികൾ. യുകെയിൽ സ്റ്റാഫ് നേഴ്‌സായ റീനാ മാത്യുവാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മലയാളികളുടെ രാഷ്ട്രീയ പ്രവേശനത്തിൽ സ്ത്രീ സാന്നിധ്യം വർദ്ധിക്കുകയാണെന്നാണ് റീനയുടെ ഈ കടന്നുവരവ് സൂചിപ്പിക്കുന്നത്. റീനയുടെ ഈ രാഷ്ട്രീയ പ്രവേശനം ബാക്കി ഉള്ളവർക്കും പ്രചോദനം ആകും. സോജൻ ജോസഫിൻെറ അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് പുതിയ സ്ഥാനാര്‍ത്ഥിയെ ലേബർ പാർട്ടി സ്ഥിരീകരിച്ചത്.

തിരഞ്ഞെടുപ്പിൽ റീനയ്ക്ക് വെല്ലുവിളി ഉയർത്തുന്നത് റീഫോം പാര്‍ട്ടിയാണ്. എന്നാൽ പുതിയ സാഹചര്യത്തില്‍ ലേബറിന് നിലവില്‍ ജയിച്ചു കയറാനുള്ള സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഇന്നാണ്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ കണ്ടിട്ടില്ലാത്തയത്രയും വാശിയേറിയ മത്സരത്തിനാണ് ആഷ്ഫോര്‍ഡ് ഇന്ന് സാക്ഷിയാകുന്നത്. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡിലാണ് റീന മാത്യു ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റ്റിലെ ആദ്യ മലയാളി എം പിയായ സോജന്‍ ജോസഫ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് നിലനിര്‍ത്തേണ്ടത് ലേബര്‍പാര്‍ട്ടിക്ക് അഭിമാന പ്രശ്‌നം ആകുമ്പോള്‍, ഏതു രീതിയിലും ലേബര്‍പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും റീഫോം യുകെ പാര്‍ട്ടിയും പരിശ്രമിക്കുന്നുണ്ട്. ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡിലും ലേബര്‍പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് പ്രധാനമായും റീഫോം യുകെ സ്ഥാനാര്‍ത്ഥിയാണ്. എന്‍എച്ച്എസില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്ന റീന മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം യുകെ മലയാളികൾക്ക് ഏറെ അഭിമാനകരമാണ്.