സുഗതന്‍ തെക്കേപ്പുര

യുകെയിലെ എല്ലാ മലയാളികളും വിവിധ ഗ്രൂപ്പുകളും സംഘടനകളും വ്യക്തിപരമായി മലയാളി സമൂഹത്തെ സേവനം ചെയ്യുന്ന, സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഉദാഹരണത്തിന് ഇന്ത്യന്‍ ഹൈ കമ്മീഷനില്‍ ജോലി ചെയുന്ന മുന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ ഫിലിപ്പ്, മനുഷ്യാവകാശ പ്രവര്‍ത്തകനും സ്‌കോളറുമായ സിറിയക്ക് മാപ്രായില്‍ ഫിലാന്ത്രോപ്പിസ്റ്റുകളായ സോളിസിറ്റര്‍ ഫ്രാന്‍സിസ് കവളക്കാട്ടില്‍, ചിറമേല്‍ അച്ഛന്‍ ബിസിനസ്സ് പ്രമുഖരായ മലയാളികള്‍ ഇന്‍ഡോ ബ്രിട്ടീഷ് ബിസിനസ്സ് ചേംബറിന്റെ പ്രതിനിധികള്‍ യുക്മ ഭാരവാഹികള്‍ ലണ്ടനിലെ പ്രമുഖമായ വളരെ പഴക്കം ചെന്നതും കൃഷ്ണമേനോന്‍ തുടങ്ങിവെച്ച കേരള ക്ലബ്ബിന്റെ തുടര്‍ച്ചയായ മലയാളി അസോസിയേഷനും ചേര്‍ന്ന് ഒരു ബോഡി അഥവാ മലയാളി പാര്‍ലമെന്റ് ഉണ്ടാകേണ്ട ആവശ്യകതയെക്കുറിച്ചാണ് എഴുതുന്നത്.

ഇത്തരം ഒരു ആശയത്തെക്കുറിച്ച് വളരെ നാളുകളായി ചിന്തിക്കുകയും പല മലയാളി പ്രമുഖരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ നിന്നെല്ലാം വളരെ അനുകൂലമായ പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് എഴുതുന്നത്.

ഇതിലേക്ക് ഇപ്പോള്‍ നയിച്ച ചില അടിയന്തര കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. ഭൂമിശാസ്ത്രവുമായി അത്ര ചെറുതല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ യുകെയുടെ ഏതു ഭാഗത്തും വളരെ വേഗത്തില്‍ എത്തിച്ചേരുവാനും വിവരങ്ങള്‍ കൈമാറുന്ന രീതിയും കൊണ്ട് ഒരു ഏകാത്മത കൈവരിച്ച ഒരു സമൂഹമാണ് ഇംഗ്ലണ്ടിലെ മലയാളികളുടേത്. ലോകത്തൊരു പ്രവാസി മലയാളി കൂട്ടങ്ങള്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടമാണ് അത്.

അതുപോലെ മറ്റൊരു എടുത്തു പറയത്തക്ക കാര്യം ഒരു ഏകാത്മത വളര്‍ത്തി എടുക്കുവാന്‍ പറ്റാത്ത വളരെ ഗുരുതരമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന ഒരു മലയാളി സമൂഹമല്ല നമ്മുടേത്. എന്നാല്‍ കഴിവും ആര്‍ജ്ജവവും ഉള്ള അനേക മലയാളികള്‍ വ്യക്തികളും സംഘടനകളും നിറഞ്ഞ ഒരു സമൂഹമാണ് താനും. എന്നിരുന്നാലും അതിന്റെതായ ഒരു സ്വാഭാവിക വളര്‍ച്ചയുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. അതിലേക്കുള്ള ഒരു നിര്‍ദേശമാണ് മലയാളി പാര്‍ലമെന്റ്.

കേരളത്തിലെ സ്‌കൂള്‍ കലോത്സവത്തോട് കിടപിടിക്കുന്ന ഒരു കലാ മാമാങ്കം നടത്തുവാന്‍ യുകെയിലെമ്പാടും വ്യാപിച്ചു ചെറു തുരുത്തുകള്‍പോലെ കിടന്നിരുന്ന സംഘടനകളെ കൂട്ടിയിണക്കി യുക്മ എന്ന സംഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ( അത് കണ്ടിട്ട് അതെ മാതൃകയില്‍ ഗള്‍ഫിലും ടിവി ചാനലിന്റെ നേതൃത്വത്തില്‍ ഒരു ശ്രമം തുടങ്ങിയതായി അറിയുവാന്‍ കഴിഞ്ഞു). തീര്‍ച്ചയായിട്ടും നമുക്ക് എല്ലാവര്‍ക്കും അതൊരു അഭിമാനം തന്നെയാണ്. അതിന്റെ മുന്‍ഭാരവാഹികളും ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സിസ്, സെക്രട്ടറി സജീഷ് ടോം, മറ്റു കമ്മിറ്റിക്കാരായ ബിന്‍സു, ഷാജി തോമസ്, മാമന്‍ ഫിലിപ്പ്, ബീനാ സെന്‍സ്, ആന്‍സി ജോയ് തുടങ്ങിയവര്‍ എല്ലാം തന്നെ അഭിനന്ദനം അര്‍ഹിക്കുന്നു. അതിന്റെ ചിട്ടയായതും അതി വിപുലമായ കെട്ടുറപ്പ് ഉള്ള സംഘാടന നൈപുണ്യതയും പങ്കാളിത്ത ബാഹുല്യവും എടുത്ത് പറയേണ്ട ഒന്നാണ്. എന്നാല്‍ ഒരു ക്രമാനുഗതമായ വളര്‍ച്ച കാണുന്നില്ല അല്ലെങ്കില്‍ അത്തരം ഒരു കഴിവ് പ്രകടിപ്പിച്ച നമുക്ക് അതിലും നിസ്സാരമായി ചെയുവാന്‍ കഴിയുന്നതും എന്നാല്‍ എന്തിനേക്കാളും പ്രഥമമായതുമായ സംഗതിയെ കുറിച്ച് ആലോചിക്കാത്തതാണ് വിചിത്രം.

ഒരു മലയാളി മരണപ്പെട്ടാല്‍ ആ വ്യക്തിയുടെ ജഡം മറവു ചെയേണ്ടത് ആ വ്യക്തിയുടെ വീട്ടുകാരും സമൂഹവും ചേര്‍ന്നാണ്. പ്രവാസിയുടെ കാര്യത്തില്‍ പലപ്പോഴും സമൂഹത്തിന്റെ പങ്കാണ് മുഖ്യമായിട്ടുള്ളത്. അത്തരം ഒരു ഘട്ടത്തില്‍ പലപ്പോഴും യുകെയിലെ പൊതു സമൂഹവും സംഘടനാ നേതാക്കന്മാരും പകച്ചു ചിതറി നില്‍ക്കുന്ന കാഴ്ചയാണ് നാം കാണാറുള്ളത്. പ്രത്യേകിച്ച് കൂട്ടുകാരോ സംഘടനക്കാരോ ഇല്ലാത്ത വ്യക്തികളാണ് മരണപ്പെട്ടാല്‍ വളരെ കഷ്ടമാണ്. അത്തരം പല സംഭവങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ ലണ്ടനില്‍ മരണപ്പെട്ട ശിവപ്രസാദിന്റെ കാര്യത്തില്‍ ഒരു സംഘടനയിലുള്ള ഉത്തരവാദിത്തപ്പെട്ട നേതാവ് നിസ്സഹായത അറിയിച്ചത് ശിവപ്രസാദ് സംഘടനയുടെ അംഗമല്ല എന്നാണ്. എത്ര മനുഷ്യത്വഹീനവും മലയാളി സമൂഹത്തിന്റെ നേര്‍ക്കുമുള്ള അവഹേളനവുമാണ്. എന്തായാലും അത്തരം ഒരു നിസ്സഹായതയോടെ പിന്തിരിഞ്ഞു നില്‍ക്കണം എന്ന് ഒരു മലയാളിയും പറയില്ല. അതുകൊണ്ടു പല കൂട്ടങ്ങളും സ്വന്തമായി ഇറങ്ങിത്തിരിച്ചു പണപ്പിരിവ് നടത്തി മലയാളിയുടെ കടമ നിറവേറ്റുകയാണ്. അങ്ങിനെ നമ്മുടെ കടമ നിറവേറ്റുണെങ്കിലും നാമിങ്ങനെ പോയാല്‍ മതിയോ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിലുള്ള പ്രധാന പ്രശ്‌നം കൂടെക്കൂടെയുള്ള പിരിവുകള്‍ സൃഷ്ടിക്കുന്ന മരവിപ്പും പിരിവിനിറങ്ങുന്നവരുടെ ബുദ്ധിമുട്ടുമാണ്. അമിതമായി പിരിച്ചുകിട്ടുന്ന പണം മറ്റൊരു ആവശ്യത്തിനായി കരുതിവെക്കുവാനോ പറ്റാതെ വരുന്നതാണ്. ആയതിനാല്‍ പലപ്പോഴും ഒരു പിരിവു കഴിഞ്ഞു മറ്റൊരു പിരിവു തുടങ്ങേണ്ടതാണ്. ഇതിന് ഒരു സ്ഥിരം പരിഹാരം വേണ്ടേ? നമ്മുടെ സമൂഹ ബുദ്ധി ഇവിടെ പ്രയോഗിക്കണ്ടേ? ഒരു പൊതു സംവിധാനം ഉണ്ടാകേണ്ടതും അതിലൂടെ ഫണ്ട് ശേഖരണവും ആവശ്യത്തിന് ചിലവഴിക്കലും നടക്കും. ഇതിലേക്കായി ഒരു മാസം അഞ്ചു പൗണ്ട് ഡയറക്റ്റ് ഡെബിറ്റ് കൊടുക്കുവാന്‍ തയ്യാറാകാത്ത ഒരു മലയാളി ഉണ്ടാകുമോ? അതിലൂടെ നമ്മുടെ സകല ചാരിറ്റി പിരിവുകളും ഏകോപിക്കുവാനും അതിന്റെ എ്ഫക്റ്റ് പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുവാനും കഴിയും.

ഇതിനുള്ള ഒരു പരിഹാരമാണ് എല്ലാവരും ചേരുന്ന ഒരു കൂടാരം. എല്ലാവരും ചേര്‍ന്ന് നമ്മുടെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളെതക്കുറിച്ച് ആലോചിക്കുന്ന, എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതു തീരുമാനം എടുക്കുന്ന, അത് സ്വീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സംവിധാനം. അതാണ് ഈ മലയാളി പാര്‍ലമെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അവിടെ നമ്മുടെ എംബസിയെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ എയര്‍ലൈന്‍ പ്രശ്‌നങ്ങള്‍ മറ്റു പ്രവാസി വിഷയങ്ങള്‍ ഔദ്യോഗികമായി ഇവിടത്തെയും നാട്ടിലെ കേന്ദ്ര – സംസ്ഥാന ഗവണ്മെന്റുകളുമായി ബന്ധപ്പെടുവാനും പാര്‍ലമെന്ററിനു കഴിയും. ഏതാണ്ട് ഒരു ലക്ഷത്തില്‍ അധികം വരുന്ന യുകെ മലയാളിയുടെ പ്രതിനിധി എന്ന നിലക്ക് പാര്‍ലമെന്റിനു ഒരു സ്വീകാര്യതയും മാന്യമായ അംഗീകാരവും ലഭിക്കും.

ഇതിലെ മറ്റൊരു വശം ഇവിടുത്തെ ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ പരസ്പര അറിവും പരിചയവും കൈമാറുകയും സഹായിക്കുവാനും ഇമ്മോറല്‍ ബിസിനസ്സുകളുടെ പറ്റിക്കല്‍ പരിപാടികളെ കൂട്ടമായി നേരിടുവാനും കഴിയും. ഈ അടുത്ത കാലത്തു നടന്ന, ഇനിയും നടക്കുവാന്‍ സാധ്യതയുമുള്ള എയര്‍ ടിക്കറ്റ് തട്ടിപ്പ് ഇവിടുത്ത മലയാളി സമൂഹം നേരിട്ടത് ഇത്തരം ഒരു കൂട്ടായ്മയിലൂടെയാണ്. മുന്‍കാലങ്ങളില്‍ തട്ടിപ്പുകാര്‍ ആരാലും ചോദ്യം ചെയ്യപ്പെടാതെ രക്ഷപെട്ടുവെങ്കില്‍ കൂട്ടായ്മയിലൂടെ അതിനെ ചലഞ്ചു ചെയ്യുവാനും ഇനി ഇത്തരം തട്ടിപ്പിന് തലവെക്കാതിരിക്കുവാന്‍ ഒരു ജനകീയ ട്രാവല്‍ ഏജന്‍സി (സുഖയാത്ര ലിമിറ്റഡ് )തുടങ്ങിയാണ്. ഇതിന്റെ സംഘാടനം ഒരു Maas Intelligence ഉല്‍പന്നമാണ്.

അതുപോലെ നമ്മുക്ക് ഒരു മലയാളി മരണപ്പെട്ടാല്‍ അതിന്റെ തുടര്‍ നടപടിക്കായി യുക്മ അടിയന്തിരമായി ചെയ്യേണ്ടുന്ന കാര്യമാണ് താഴെ നിര്‍ദേശിക്കുന്നത്.

യുക്മയുടെ കീഴില്‍ ഒരു മലയാളി പാര്‍ലമെന്റ് രൂപികരിക്കുക അതിന്റെ ചെയര്‍ (Ex.Officio) യുക്മയുടെ ചെയര്‍ തന്നെ ആകുക. പാര്‍ലമെന്റിന്റെ സഭയില്‍ രണ്ടു വിഭാഗങ്ങള്‍ ഉണ്ടായിരിക്കുക, യുക്മയുടെ എല്ലാ അസോസിയേഷനും മറ്റു അസോസിയേഷനു കളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള ലോവര്‍ ഹൗസും വ്യക്തിപരമായ കഴിവുള്ള പ്രഗത്ഭരെ (മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാഹിത്യകലാ രംഗത്തെ പ്രമുഖര്‍, ബിസ്സിനസ്സ് പ്രമുഖര്‍ നിയമ വിദഗ്ദ്ധര്‍) ഉള്‍പ്പെടുത്തിയുള്ള അപ്പര്‍ ഹൗസും അപ്പര്‍ ഹൗസിലേക്കുള്ളവരെ ലോവര്‍ ഹൗസിന്റെ ഒരു കമ്മിറ്റിക്കോ പബ്ലിക് ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയോ തെരഞ്ഞെടുക്കാം
ഇതിന്റെ വ്യക്തമായ, വിശദമായ മാര്‍ഗ്ഗ നിര്‍ദേശം രൂപപ്പെടുത്തുന്ന ഒരു കോണ്‍സ്റ്റിറ്റുവന്റ് അസംബ്‌ളി രൂപീകരിക്കുക.

യുക്മയുടെ പുതിയ ഭരണ സമിതി ഏപ്രിലിലോ ജൂണിലോ സൗകര്യപ്രദമായ ഒരു സ്ഥലത്തു കോണ്‍സ്റ്റിറ്റുവന്റ് അസ്സംബ്ലി വിളിക്കുക. തീര്‍ച്ചയായും ഇത്തരം ഒരു നീക്കം നമ്മുടെ യുക്മയുടെ ഒരു സ്വാഭാവിക വളര്‍ച്ച തന്നെയായി അംഗീകരിക്കും. അതിലൂടെ ബുദ്ധന്റെ സംഘം ചരണം ഗച്ഛാമി എന്ന സംഘബലത്തിന്റെ സൗന്ദര്യം നമുക്ക് ആസ്വദിക്കാം.