ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് സസ്സെക്സിൽ പ്രവർത്തിച്ചിരുന്ന ഒരു കെയർ ഹോം റിക്രൂട്ട്മെന്റ് ഏജൻസിയുടെ ഡയറക്ടറും യുകെ മലയാളിയുമായ ബിനോയ് തോമസിന് അനധികൃത കുടിയേറ്റത്തെ സഹായിച്ച കേസിൽ രണ്ടര വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. 2017 മുതൽ 2018 വരെയുള്ള കാലയളവിൽ കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും നേഴ്‌സുമാരെയും യുകെയിലെ കെയർ ഹോമുകളിൽ ജോലിക്കായി നിയമിച്ചെങ്കിലും, ഇവർക്ക് യുകെയിൽ ജോലി ചെയ്യാനുള്ള നിയമാനുസൃത അവകാശം ഇല്ലെന്ന കാര്യം പ്രതിക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബെക്സ്ഹിൽ-ഓൺ-സീ ആസ്ഥാനമായ ‘എ ക്ലാസ് കെയർ റിക്രൂട്ട്മെന്റ് ലിമിറ്റഡ്’ വഴി നടത്തിയ നിയമനമാണ് കേസിന്റെ ആധാരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തെ തുടർന്ന് ലൂയിസ് ക്രൗൺ കോടതിയിൽ വിചാരണ നേരിട്ട ബിനോയ് തോമസിനെ 13 പേരുടെ അനധികൃത കുടിയേറ്റത്തെ സഹായിച്ചതിന് കുറ്റക്കാരനായി കോടതി കണ്ടെത്തി. കേരളത്തിലെ വിദ്യാർത്ഥികളെ കുറഞ്ഞ വേതനത്തിൽ അനുവദിച്ചതിനേക്കാൾ അധികസമയം ജോലിയിൽ ഏർപ്പെടുത്തിയതും, പരിശീലനമോ യോഗ്യതകളോ ഇല്ലാതെ തന്നെ ദുർബലരായ രോഗികളുടെ പരിചരണ ചുമതല നൽകിയതുമാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. പ്രതിക്ക് എട്ട് വർഷത്തേക്ക് കമ്പനി ഡയറക്ടറായി പ്രവർത്തിക്കാൻ വിലക്കും കോടതി വിധിച്ചു.

തമിഴിൽ നിന്നുള്ള രേഖകൾ ഉൾപ്പെടെ ടൈംഷീറ്റ്, ഇൻവോയ്സ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കൈയെഴുത്ത് കുറിപ്പുകൾ, മെസ്സേജുകൾ തുടങ്ങിയ ശക്തമായ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് തൊഴിൽ രേഖകൾ ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നതും തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട് . കുടിയേറ്റ നിയമം പരാജയപ്പെടുത്തുകയും ഏറ്റവും ദുർബലരായവർക്ക് അപകടം സൃഷ്ടിക്കുകയും ചെയ്തവർക്ക് ഇനിയും വിട്ടുവീഴ്ചയില്ല എന്ന് സി പി എസ് സൗത്ത് ഈസ്റ്റിലെ സ്പെഷ്യലിസ്റ്റ് പ്രോസിക്യൂട്ടർ കെറ്റി സാംവെയ്സ് വ്യക്തമാക്കി. യുകെയിലെ കെയർ ജോലിക്ക് വരുന്ന വിദേശ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട് .