ന്യൂസ് ഡെസ്ക്, മലയാളം യുകെ
എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഉണ്ടെന്ന വ്യാജ സന്ദേശത്തെ തുടർന്ന് യുകെ മലയാളി കുടുംബം അനുഭവിക്കേണ്ടി വന്നത് നരകയാതന . യുകെയിൽ നിന്ന് ജന്മ നാട്ടിലേയ്ക്ക് അവധി ആഘോഷിക്കാൻ തിരിച്ച മൂവാറ്റുപുഴ സ്വദേശിയായ ജിജോ ഡാനിയലും കുടുംബവും ആണ് ദുരിതത്തിൽ ആയത്. ശനിയാഴ്ച വൈകിട്ട് 8. 15 ന് യാത്ര പുറപ്പെട്ട അവർ കൊച്ചിയിലെത്തിയത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ്. സാധാരണഗതിയിൽ 15 മണിക്കൂർ കൊണ്ട് കൊച്ചിയിൽ എത്തേണ്ട സ്ഥാനത്ത് 63 മണിക്കൂറാണ് ഇവർക്ക് യാത്ര ചെയ്യേണ്ടി വന്നത്.
ഞായർ രാവിലെ 6ന് ഇവർ സഞ്ചരിച്ച വിമാനം സൗദി അറേബ്യയുടെ മുകളിൽ പറക്കുമ്പോൾ ബോംബു ഭീഷണിയുണ്ടായതിനെ തുടർന്ന് അടിയന്തരമായി റിയാദിൽ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലായിരുന്നു ബോംബ് ഭീഷണി. ക്യാബിൻ ബാഗേജു പോലും എടുപ്പിക്കാതെ എല്ലാവരെയും അന്നു വൈകിട്ടു വരെ ടെർമിനലിൽ ഇരുത്തി. ബോംബ് പരിശോധന പൂർത്തിയാക്കി രാത്രിയോടെ എല്ലാവരെയും സമീപത്തെ ഹോട്ടലിലേക്കു മാറ്റി. തിങ്കൾ രാവിലെ 5 മണിയോടെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും ബാഗുകളെല്ലാം ഒരിക്കൽക്കൂടി പരിശോധിച്ചാണ് വിമാനം പുറപ്പെട്ടത്. ന്യൂഡൽഹിയിൽ എത്തിയത് രാത്രി 7.10ന്.
ദുരിതം ഇവിടെ കൊണ്ട് അവസാനിച്ചില്ല . ന്യൂഡൽഹിയിൽ നിന്നുള്ള കൊച്ചി കണക്‌ഷൻ ഫ്ലൈറ്റ് കിട്ടിയില്ല. ചൊവ്വ രാവിലെ 5നുള്ള കൊച്ചി വിമാനത്തിൽ ആണ് യാത്ര തുടർന്നത്. രാവിലെ 8.10നു കൊച്ചി വിമാനത്താവളത്തിനു മുകളിൽ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ഇറങ്ങാൻ കഴിയാതെ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചു വിട്ടു. ഒടുവിൽ ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ യുകെയിൽ നിന്ന് യാത്ര ആരംഭിച്ചിട്ട് 63 മണിക്കൂർ പിന്നിട്ടിരുന്നു. ജിജോയ്ക്ക് ഒപ്പം ഭാര്യ ബിന്ദുവും മൂത്തമകൻ ജോവനും ഉണ്ടായിരുന്നു.
ജൂൺ 12 ന് അഹമ്മദാബാദിൽ 270 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ അപകടത്തെ തുടർന്ന് ഉണ്ടായ ബോംബ് ഭീക്ഷണി കടുത്ത ആശങ്കയാണ് യാത്രക്കാരിൽ സൃഷ്ടിച്ചത് സൃഷ്ടിച്ചത്. അഹമ്മദാബാദ് അപകടത്തെ തുടർന്ന് എയർ ഇന്ത്യയുടെ ബോയിംഗ് 787, 777 വിമാനങ്ങളുടെ പരിശോധന വർദ്ധിപ്പിക്കാൻ ഇന്ത്യയുടെ വ്യോമയാന റെഗുലേറ്റർ ഉത്തരവിട്ടിരുന്നു. ഇത് വിമാനങ്ങൾ റദ്ദാക്കുന്നതിനും അന്താരാഷ്ട്ര വൈഡ്-ബോഡി പ്രവർത്തനങ്ങളിൽ 15 ശതമാനം കുറവുണ്ടാക്കുന്നതിനും കാരണമായി. ഇന്ത്യയിൽ വ്യാജ ബോംബ് ഭീഷണികൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2024 ജനുവരി മുതൽ നവംബർ വരെ ഏകദേശം 1,000 എണ്ണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . മുൻ വർഷത്തേക്കാൾ പത്തിരട്ടി വർധനവാണ് ഇത് എന്നാണ് കണക്കുകൾ കാണിക്കുന്നത് .
Leave a Reply