ന്യൂസ് ഡെസ്ക്, മലയാളം യുകെ

മരണങ്ങളുടെ പരമ്പരയിൽ ഞെട്ടി യുകെ മലയാളികൾ. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാര്‍ഡിഫിന് അടുത്ത് ന്യുപോര്‍ട്ടില്‍ മലയാളി യുവാവിനെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകളെ കാണാൻ ലിങ്കണ്‍ഷെയറിൽ എത്തിയ കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിൽ ആയിരിക്കെ മരിക്കുകയായിരുന്നു. ഇതാ ഏറ്റവും ഒടുവിലായി വൂസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്.

ന്യുപോര്‍ട്ടില്‍ താമസിച്ചിരുന്ന തൃശൂര്‍ മാള വടമ സ്വദേശിയായ ബൈജു കൊടിയനെ ഏതാനും ദിവസം മുൻപ് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള കാത്തലിക് അസോസിയേഷനിലും മറ്റും സജീവമായിരുന്ന ബൈജു ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സ്‌ഥിരം സാന്നിധ്യമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി വ്യക്തിപരമായ കാരണങ്ങള്‍ മൂലം അദ്ദേഹം സാമൂഹ്യ രംഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുകയായിരുന്നു. മരണത്തെ തുടർന്നുള്ള നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു മകളോടൊപ്പം താമസിക്കാൻ നോര്‍ത്ത് ലിങ്കണ്‍ഷെയറിൽ എത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. സിസിലി മാത്യുവിൻെറ ആക്‌സമിക മരണത്തിൻെറ ഞെട്ടലിലാണ് സിസിലിയുടെ കുടുംബാംഗങ്ങൾ. ഹൃദ്‌രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ ഇരിക്കവേ സിസിലി മരണത്തിന് കീഴടങ്ങുകയായിരുന്നു. സിസിലിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോൾ. രണ്ടു വര്‍ഷം മുന്‍പ് നേഴ്സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ (20) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈതികിൻെറ അമ്മ മുംബൈയില്‍ ജോലി ചെയ്യുകയാണ്. മലയാളി വിദ്യാര്‍ത്ഥികള്‍ നേഴ്സിംഗ് പഠനത്തിന് എത്തുന്ന യൂണിവേഴ്സിറ്റികളിൽ ഒന്നാണ് വൂസ്റ്റര്‍.