ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനും ഇസ്രയേലും യുഎസും തമ്മിലുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ തങ്ങളുടെ പൗരന്മാർക്ക് പിന്തുണ നൽകുന്നതിനായി ബ്രിട്ടൻ അടിയന്തിര നടപടി ആരംഭിച്ചു. കുറഞ്ഞത് രണ്ട് ലക്ഷം ബ്രിട്ടീഷ് പൗരന്മാർ ഇവിടെ ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്ത് താമസിക്കുന്നവരും അവധിയാഘോഷത്തിനായി എത്തിയവരും ട്രാൻസിറ്റിലുള്ളവരും ഉൾപ്പെടെ വലിയ സംഖ്യയിലുള്ള ബ്രിട്ടീഷുകാർ ഇപ്പോഴും അവിടെയുണ്ടെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു . ഇതിനകം 94,000ത്തിലധികം പേർ തങ്ങളുടെ വിവരങ്ങൾ ഫോറിൻ ഓഫിസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യോമമേഖല അടച്ചിടൽ തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

ടെൽ അവീവ്, ദുബായ്, ദോഹ തുടങ്ങിയ പ്രധാന ഹബ്ബുകളിലേക്കും അവിടെനിന്നും ഉള്ള വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്. ബഹ്റൈൻ, ഇസ്രയേൽ, കുവൈത്ത്, ഖത്തർ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാർ തങ്ങളുടെ സാന്നിധ്യം രജിസ്റ്റർ ചെയ്ത് പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ദുബായിലും ദോഹയിലും ട്രാൻസിറ്റിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഒരേസമയം ഒന്നിലധികം രാജ്യങ്ങളെ ഉൾപ്പെടുത്തി . ഇത്രയും വലിയ തോതിൽ ബ്രിട്ടൻ ഒഴിപ്പിക്കൽ നടപടി നടപ്പിലാക്കുന്നത് ഇതാദ്യമായാണ്.

ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമായതായി റിപ്പോർട്ടുണ്ട്. ദുബായിലെ ആഡംബര ഹോട്ടലുകളും പ്രധാന വിമാനത്താവളവും കേടുപാടുകൾക്ക് വിധേയമായതായി വിവരമുണ്ട്. ബ്രിട്ടീഷ് സൈനികർ ബഹ്റൈനിലെ താവളത്തിൽ ഇറാനിയൻ ആക്രമണത്തിനടുത്തുണ്ടായിരുന്നുവെന്ന് പ്രതിരോധമന്ത്രി ജോൺ ഹീലിയും അറിയിച്ചു. ഖത്തറിൽ നിന്ന് പ്രവർത്തിച്ച ആർ.എ.എഫ് ടൈഫൂൺ യുദ്ധവിമാനം ഒരു ഇറാനിയൻ ഡ്രോൺ വെടിവെച്ചുതകർത്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ ബ്രിട്ടീഷ് പൗരന്മാർക്ക് പരിക്കോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.











Leave a Reply