കോവിഡിന്റെ ജനിതക വകഭേദം രാജ്യത്ത് എത്തിയെന്ന ആശങ്ക ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 16 വിമാന യാത്രികർക്ക് കോവിഡ്19 സ്ഥിരീകരിച്ചതോടെയാണ് സംശയമുയർന്നിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസാണോ ഇവർക്ക് ബാധിച്ചതെന്ന് അറിയാൻ വിദഗ്ധ പരിശോധനകൾ നടക്കുകയാണ്. സ്രവ സാംപിളുകൾ ഉടൻ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഉൾപ്പെടെയുള്ള വിദഗ്ധ ലാബുകളിലേക്കാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിളുകൾ അയച്ചിട്ടുള്ളത്.
യുകെയിൽ നിന്നെത്തിയ എട്ട് പേർ അമൃത്സറിലും അഞ്ച് പേർ ന്യൂഡൽഹിയിലും രണ്ടുപേർ കൊൽക്കത്തയിലും ഒരാൾ ചെന്നൈയിലുമാണ് പരിശോധനയിൽ കോവിഡ് ബാധിതരായി കണ്ടെത്തിയത്. യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പത്തെ ദിവസങ്ങളിലായി നിരവധി പേരാണ് ഇന്ത്യയിലേക്ക് എത്തിയത്.
അതേസമയം, ഭയപ്പെടാൻ ഒന്നുമില്ലെന്നും ഇന്ത്യയിൽ ഇതുവരെയും ജനിതകമാറ്റം വന്ന പുതിയ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും വിമാനത്താവളത്തിൽ തന്നെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഫലം ലഭിച്ച ശേഷം മാത്രമാണ് ഇവരെ പുറത്തുവിട്ടത്.
കഴിഞ്ഞ നാല് ആഴ്ചക്കിടെ യുകെയിൽ നിന്ന് രാജ്യത്തെത്തിയവരെ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഇവരോട് കർശനമായി ക്വാറന്റൈനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടണിൽ രോഗവ്യാപനം നിയന്ത്രണാതീതമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply