ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടി സംഘടിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു . ലോകത്തെ മൊത്തം എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഈ നിർണായക കടൽപാത ഇറാന്റെ ഭീഷണികൾ കാരണം താത്കാലികമായി അടച്ചിരിക്കുകയാണ് . അമേരിക്ക – ഇസ്രായേൽ ആക്രമണത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ, ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ മാർഗങ്ങൾ കണ്ടെത്താൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം യുഎസ് സെൻട്രൽ കമാൻഡുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ജർമ്മനി, കാനഡ, ഓസ്ട്രേലിയ എന്നിവ ഉൾപ്പെടെ 30 – തിലധികം രാജ്യങ്ങൾ കടൽപാതയുടെ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. മൈനുകൾ നീക്കം ചെയ്യുന്നതിനായി ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതടക്കമുള്ള മാർഗങ്ങൾ പ്രതിരോധ മേധാവികൾ ചർച്ച ചെയ്തു. ലണ്ടനിലോ പോർട്സ്മൗത്തിലെ നാവിക ആസ്ഥാനത്തിലോ ഉച്ചകോടി സംഘടിപ്പിച്ച് രാജ്യങ്ങൾക്കിടയിൽ ഏകോപനം ശക്തിപ്പെടുത്തി സുരക്ഷിതമായ കടൽപാത പുനരാരംഭിക്കുകയാണ് ലക്ഷ്യം.

പ്രധാനമന്ത്രി കിയർ സ്റ്റാർമർ സംഘർഷത്തിന് ഉടൻ അവസാനം ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകിയിരിക്കെ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ശക്തമാകുന്നതായുള്ള വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ഇന്ധനവില കുത്തനെ ഉയർന്നതോടെ വിലക്കയറ്റവും സർക്കാർ കടബാധ്യതയും വർധിച്ചിരിക്കുകയാണ്. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെയും ഇസ്രായേൽ നേതൃത്വത്തിന്റെയും നടപടി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ തിരിച്ചടിയാണെന്ന് ലേബർ എംപി മാറ്റ് വെസ്റ്റേൺ വിമർശിച്ചു; ചൈനയും റഷ്യയും ഈ പ്രതിസന്ധിയിൽ നിന്ന് ലാഭം കൊയ്യുന്നുവെന്ന അഭിപ്രായവും ശക്തമാണ്.