യുകെയില്‍ പ്രതിദിന കോവിഡ് 183,037 പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസത്തേക്കാള്‍ 45,000 കേസുകള്‍ അധികമാണിത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്രിസ്മസ് അവധി മൂലം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന അഞ്ച് ദിവസത്തെ കേസുകളും ഇതോടൊപ്പമുണ്ട്.

ഇംഗ്ലണ്ടിലെ രോഗികളുടെ കണക്കുകളും റെക്കോര്‍ഡ് ഉയരത്തിലാണ്. ഒരാഴ്ചയ്ക്കിടെ 45 ശതമാനമാണ് കുതിച്ചുചാട്ടം. പക്ഷെ കേസുകളുടെ മഹാവിസ്‌ഫോടനമൊന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കാര്യമാക്കുന്നില്ല. എല്ലാ ജനങ്ങളോടും ന്യൂ ഇയര്‍ ആഘോഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.

ഒമിക്രോണ്‍ വേരിയന്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നതായി പ്രധാനമന്ത്രി സമ്മതിച്ചു. ആശുപത്രി പ്രവേശനങ്ങളെ ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഡെല്‍റ്റയേക്കാള്‍ കാഠിന്യം കുറവാണ് പുതിയ വേരിയന്റെന്ന് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ലോക്ക്ഡൗണിലേക്ക് വഴിയൊരുക്കുന്ന തരത്തില്‍ പരിധികള്‍ ലംഘിച്ച് മുന്നേറുകയാണ്. ലണ്ടനിലെ ആശുപത്രി പ്രവേശനങ്ങള്‍ പ്രതിദിനം 400 എന്ന പരിധി മറികടന്നു. ഇംഗ്ലണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 65 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായി. 10,000 ബെഡുകളെങ്കിലും വൈറസ് ബാധിച്ച രോഗികള്‍ കൈയടക്കി, മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്.

എന്നാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് വാര്‍ഡുകളില്‍ കഴിയേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ വന്‍തോതില്‍ കോവിഡ് വ്യാപിച്ചതിന്റെ ഫലമാണ് അഡ്മിഷനുകളിലും പ്രതിഫലിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ഇംഗ്ലണ്ടിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പുതിയ കോവിഡ് വിലക്കുകള്‍ പ്രഖ്യാപിക്കാതെയാണ് നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ റാപ്പിഡ് സ്വാബ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഫാര്‍മസികളിലും കിറ്റ് കാലിയായി. ബുധനാഴ്ച ഡ്രൈവ്-ത്രൂ, വാക്ക്-ഇന്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യമായിരുന്നു. നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, കെയറര്‍മാര്‍ക്കും പോലും ഇതിന് സാധിക്കാത്ത അവസ്ഥ വന്നു. നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാത്ത പക്ഷം ജാഗ്രത പാലിക്കാന്‍ മാത്രമാണ് ഉപദേശം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകാതെ ബ്രിട്ടനില്‍ പിസിആര്‍ ടെസ്റ്റ് നടത്താനും ബുദ്ധിമുട്ട് നേരിടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റിനായി 48 മണിക്കൂറിനകം ഒരിടത്ത് പോലും ബുക്കിംഗ് കിട്ടാത്ത അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത് റിപ്പോർട്ട് ചെയ്തത് പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകൾ. തിങ്കളാഴ്ച 1.44 ദശലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസവും ലോകത്ത് കോവിഡ് കേസുകൾ ദശലക്ഷം കടന്നത്. അമേരിക്കയിലും ഫ്രാൻസിലുമാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഏറ്റവും കൂടുതൽ. ഒമിക്രോൺ വകഭേദവും പല രാജ്യങ്ങളിലും ഭീതി പടർത്തുന്നുണ്ട്.

തിങ്കളാഴ്ച മാത്രം 4,40,000 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് കാരണം റിപ്പോർട്ടുകൾ ലഭിക്കാൻ വൈകിയത് കൊണ്ടായിരിക്കാം രോഗബാധയിൽ വൻ തോതിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

യൂറോപ്പിലെ പ്രതിദിന കോവിഡ് ബാധയിൽ ഏറ്റവും കൂടുതലാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 1,79,807 പുതിയ കേസുകളാണ് ഫ്രാൻസിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ജനുവരിയോട് കൂടി ഫ്രാൻസിലെ പ്രതിദിന കോവിഡ് കേസുകൾ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവർ വെറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം തുടരുകയാണ്. നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.