ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ ഭരണാഘടനാ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് പാർലമെന്റിൽ തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതി വീണ്ടും പരാജയപ്പെട്ടു. യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ എഗ്രിമെന്റ് അംഗീകരിക്കണമെന്നും മെയ് 22 വരെ ബ്രെക്സിറ്റ് നീട്ടി വയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പാർലമെന്റ് തള്ളി. 286 എംപിമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 344 എംപിമാർ എതിർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാർലമെൻറിന്റെ തീരുമാനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് തെരേസ മേ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റിന് സാധ്യത ഇതു മൂലം  സൃഷ്ടിക്കപ്പെട്ടേക്കാമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ബ്രിട്ടണിൽ പൊതുതിരഞ്ഞെടുപ്പിനും രണ്ടാമതൊരു റഫറണ്ടത്തിനും ഉള്ള സാഹചര്യത്തിലേയ്ക്കാണ് രാജ്യം നീങ്ങുന്നത്. ഏപ്രിൽ 12 ന് മുൻപ് പാർലമെന്റിന് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടാവും. ഉടൻ പാർലമെന്റിൽ ഒരു സമവായം ഉണ്ടാകാത്ത പക്ഷം ബ്രെക്സിറ്റ് അനന്തമായി നീളാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ലേബർ ലീഡർ ജെറമി കോർബിൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകൾ ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിച്ചു തുടങ്ങിയിട്ടുണ്ട്.