ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഗുജറാത്തിൽ വൻ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവണര്‍ ആചാര്യ ദേവറത്തും അഹമ്മാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോറിസ് ജോണ്‍സണെ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശത്തുമായി ഇന്ത്യൻ കലാരൂപങ്ങൾ അണിനിരന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ഗുജറാത്തിലെ ഹലോലിൽ പുതുതായി ഉദ്ഘാടനം ചെയ്ത ജെ സി ബി പ്ലാന്റ് സന്ദർശിച്ചു. പുതിയ ഫാക്ടറിയിലെ ജെസിബിയിൽ കയറിയ ജോൺസൺ മാധ്യമങ്ങൾക്ക് നേരെ കൈ വീശി.
“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എത്തിയതിൽ അതിശയം തോന്നുന്നു. ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിശാലമായ സാധ്യതകൾ ഞാൻ കാണുന്നു. ഞങ്ങളുടെ പവർഹൗസ് പങ്കാളിത്തം തൊഴിലുകളും വളർച്ചയും അവസരങ്ങളും നൽകുന്നു. വരും ദിവസങ്ങളിൽ ഈ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.” ഇന്ത്യയിൽ എത്തിയ ഉടൻ ജോൺസൺ ട്വീറ്റ് ചെയ്തു. വ്യാപാരികളുമായുള്ള ചർച്ചയുടെ ഭാഗമായി അദ്ദേഹം ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തി. അക്ഷർധാം ക്ഷേത്രവും സബർമതി ആശ്രമവും സന്ദർശിച്ചു. ഒപ്പം ബ്രിട്ടനിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയിലെ പരിപാടിയിലും ജോൺസൻ പങ്കെടുത്തു.
സബർമതി ആശ്രമം സന്ദർശിച്ച ജോൺസന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്തകം സമ്മാനിച്ചു. മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചു. ഇന്ന് ഡല്‍ഹിയിലെത്തുന്ന ബോറിസ് ജോണ്‍സണ്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധ മേഖലകളില്‍ ഊന്നിയായിരിക്കും ചർച്ചകൾ നടക്കുക. ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറും ഇന്ത്യ പസഫിക്ക് മേഖലയിലെ രാജ്യങ്ങള്‍ പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരിച്ച് നീങ്ങുന്നത് സംബന്ധിച്ചും ചർച്ചകൾ നടത്തുമെന്നാണ് സൂചന.
അതേസമയം, ബോറിസ് ജോൺസൻ പോകുന്ന വഴിയിലെ ചേരികളുടെ കാഴ്ചകൾ ഇത്തവണയും തുണി കെട്ടി മറച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ചകൾ മറച്ചിരിക്കുന്നത്.
Leave a Reply