ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഈസിഐഡി ആപ്പ് വഴി ബിറ്റ് കോയിൻ വാങ്ങാനുള്ള സൗകര്യം ഒരുക്കി യുകെ പോസ്റ്റ് ഓഫീസ്. ഈ ആഴ്ച മുതൽ ബിറ്റ് കോയിൻ വാങ്ങാനുള്ള ഓപ്ഷൻ ആപ്പിൽ ചേർക്കും. സൗജന്യമായി ഉപയോഗിക്കാവുന്ന പോസ്റ്റ് ഓഫീസ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ബിറ്റ് കോയിനും വൗച്ചറുകളും വാങ്ങാം. ജർമ്മൻ ഫിനാൻഷ്യൽ റെഗുലേറ്റർ ബാഫിൻ നിയന്ത്രിക്കുന്ന ഒരു ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ് ഫോമായ സ്വാം മാർക്കറ്റ്സ് വെള്ളിയാഴ്ച ഇത് പ്രഖ്യാപിച്ചു. ഈസിഐഡി മൊബൈൽ ആപ്പ് ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴി ബിടിസി , ഇടിഎച്ച് വൗച്ചറുകൾ വാങ്ങാൻ സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗം ഒരുക്കുകയാണെന്ന് അവർ വ്യക്തമാക്കി.
യുകെ പോസ്റ്റ് ഓഫീസ് ഡിജിറ്റൽ ഐഡന്റിറ്റി കമ്പനിയായ യോതിയുമായുള്ള പങ്കാളിത്തത്തിലൂടെ ഓഗസ്റ്റിലാണ് ഈസിഐഡി ആരംഭിച്ചത്. 11,638 പോസ്റ്റ് ഓഫീസ് ശാഖകൾ ഉൾപ്പെടെ യുകെയിലുടനീളം 25,000 ത്തിലധികം സ്ഥലങ്ങളിൽ ഈസിഐഡി സ്വീകരിക്കുന്നുണ്ട്. പ്രവർത്തനങ്ങൾ കൂടുതൽ ഓൺലൈനിലേക്ക് നീങ്ങുകയാണ്. ആളുകൾക്ക് സ്വന്തമായി ഡിജിറ്റൽ ഐഡന്റിറ്റി നിർമ്മിച്ചുകൊണ്ട് അപ്ലിക്കേഷൻ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. സ്മാർട്ട്‌ഫോണിലൂടെ വളരെ എളുപ്പത്തിൽ സേവനങ്ങൾ നടത്താൻ സാധിക്കുമെന്നത് ഈ ആപ്പിന്റെ പ്രത്യേകതയാണ്.
Leave a Reply