ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡൻറ് ആയി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതിനെ തുടർന്നുള്ള വ്യാപാര യുദ്ധം പുതിയ തലത്തിലേയ്ക്ക് കടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആവശ്യമെങ്കിൽ യുഎസ് താരിഫുകൾക്കെതിരെ തിരിച്ചടിക്കാൻ യുകെ മടിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു.ഏപ്രിൽ 2 ന് കാർ ഇറക്കുമതിക്ക് 25% നികുതിയും മറ്റ് ഉത്പന്നങ്ങൾക്ക് കൂടുതൽ താരിഫ് ചുമത്തുമെന്ന ഭീഷണിയും മുൻനിർത്തി സർക്കാർ വൈറ്റ് ഹൗസുമായി അവസാന നിമിഷ ചർച്ചയിലാണ്.

ഇറക്കു മതി ചെയ്യുന്ന കാറുകൾക്ക് അധികനികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ നടപടി ഇന്ത്യൻ കാർ നിർമ്മാതാക്കളെയും വെട്ടിലാക്കിയിരുന്നു. ഇതിൻറെ ഫലമായി ടാറ്റാ മോട്ടേഴ്സ് ഉൾപ്പെടെയുള്ള ഓട്ടോമൊബൈൽ ഷെയറുകൾക്ക് നേരിട്ടത് കനത്ത ഇടിവാണ്. അമേരിക്കയിൽ വിൽക്കുന്ന കാറുകളിൽ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതിനുള്ള നടപടി വലിയ ആഘാതം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. തീരുവ നടപ്പാക്കുന്നതിലൂടെ കാര്‍ വിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും യു.എസിലെ തൊഴില്‍സാധ്യതയ്ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നുമാണ് യുഎസ് പ്രസിഡന്റിന്റെ വാദം. എന്നാല്‍, ദശാബ്ദങ്ങളായി കമ്പനികള്‍ തയ്യാറാക്കിയിട്ടുള്ള വിതരണ ശൃംഖലയില്‍ പെട്ടെന്ന് മാറ്റം കൊണ്ടുവരാന്‍ ബുദ്ധിമുട്ടാകുമെന്ന് വാഹന കമ്പനികള്‍ സൂചിപ്പിക്കുന്നു.

എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി യു കെയ്ക്ക് യുഎസുമായുള്ള ഊഷ്മളമായ ബന്ധവും തുല്യമായ വ്യാപാര പങ്കാളിത്തവും ഉള്ള സാഹചര്യം മുൻനിർത്തി ഇറക്കുമതി തീരുവയിൽ ഇളവ് നേടാനാണ് രാജ്യം ആഗ്രഹിക്കുന്നത്. യുഎസുമായി ഒരു വ്യാപാര യുദ്ധത്തിലേയ്ക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന യുഎസിലെ ബിസിനസുകൾക്കുള്ള നിരക്കുകൾ ഏപ്രിൽ 3-ന് ആരംഭിക്കും. പാർട്‌സുകളുടെ നികുതി മെയ് മാസത്തിലോ അതിനുശേഷമോ ആരംഭിക്കും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നത്തിന് യുഎസ് താരിഫ് ഏർപ്പെടുത്തുമ്പോൾ യുകെ എങ്ങനെ തിരിച്ചടിക്കുമെന്ന് വ്യക്തമല്ല . എന്നാൽ യു എസുമായി ഒരു വ്യാപാര യുദ്ധത്തിന് കെയർ സ്റ്റാർമർ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
	
		

      
      



              
              
              




            
Leave a Reply