ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിസ ദുരുപയോഗം വ്യാപകമാണെന്ന കാരണം ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർഥി വിസ നൽകുന്നത് ഈ മാസം മുതൽ നിർത്തുമെന്ന് ഷബാന മഹമൂദ് അറിയിച്ചു. അഫ്ഗാൻ പൗരന്മാർക്ക് സ്കിൽഡ് വർക്ക് വിസയും നിർത്തുന്നതായി ഹോം ഓഫീസ് വ്യക്തമാക്കി. പഠനത്തിനായി നിയമപരമായി എത്തിയ ശേഷം അഭയം ആവശ്യപ്പെടുന്നവരുടെ എണ്ണം ഈ രാജ്യങ്ങളിൽ നിന്നുള്ളവരിലാണ് കൂടുതലെന്ന് സർക്കാർ പറയുന്നു. യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവരെ സംരക്ഷിക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധത തുടരുന്നതിനായാണ് നടപടി എന്നും സർക്കാർ വിശദീകരിച്ചു.

2021 മുതൽ 2025 വരെ പഠനം പോലുള്ള നിയമപരമായ വിസകളിൽ എത്തിയ ശേഷം അഭയം അപേക്ഷിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ അഭയം ആവശ്യപ്പെടുന്നവരിൽ 13% പേർ വിദ്യാർഥി വിസയിൽ എത്തിയവരാണ്. 2021 മുതൽ വിദ്യാർഥി വിസയിൽ എത്തിയ അഫ്ഗാൻ പൗരന്മാരിൽ 95% പേർ പിന്നീട് അഭയം ആവശ്യപ്പെട്ടതായി ഹോം ഓഫിസ് അറിയിച്ചു. മ്യാൻമറിൽ നിന്നുള്ള അപേക്ഷകൾ 16 ഇരട്ടിയും കാമറൂൺ, സുഡാൻ രാജ്യങ്ങളിൽ നിന്നുള്ളത് നാലിരട്ടിയിലധികവും ഉയർന്നു. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 16,000 പേർക്ക് നിലവിൽ സർക്കാർ സഹായം ലഭിക്കുന്നുമുണ്ട്.

വിസ കാലാവധി കഴിഞ്ഞ ശേഷമുള്ള അഭയം അപേക്ഷകൾ യുകെയുടെ അസൈലം സംവിധാനത്തിന് വലിയ സമ്മർദം സൃഷ്ടിക്കുന്നുവെന്നും അധികൃതർ പറയുന്നു. ഇമിഗ്രേഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്ന നിയമം ഉടൻ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി. കുടിയേറ്റം കുറയ്ക്കണമെന്ന രാഷ്ട്രീയ സമ്മർദത്തിനിടെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. 2025ൽ 41,472 പേർ ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തിയതായി കണക്കുകൾ പറയുന്നു. അതേസമയം സ്ഥിരതാമസവുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾക്കെതിരെ ലേബർ പാർട്ടിയിലെ ഏകദേശം 40 എംപിമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.











Leave a Reply