സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധിതരെ ചികിത്സിക്കാനായി പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. ഇതിനായി രോഗം ഭേദമായവരുടെ രക്തം ആണ് ഉപയോഗിക്കുന്നത്. രോഗം ഭേദമായവരിൽ വൈറസിനെതിരെ ശരീരത്തിൽ തന്നെ നിർമ്മിക്കപ്പെട്ട ആന്റി ബോഡികൾ, പുതുതായി രോഗം ബാധിച്ചവരിൽ വൈറസിനെ ഇല്ലാതാക്കുമെന്നാണ് നിഗമനം. ഇതിനായി രോഗം ഭേദമായവരിൽ നിന്നും രക്തം ആവശ്യപ്പെട്ടിരിക്കുകയാണ് എൻഎച്ച്എസ്. യു എസിൽ ഇപ്പോൾതന്നെ പ്ലാസ്മ തെറാപ്പിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ 1500-ഓളം ആശുപത്രികളിൽ നടക്കുന്നുണ്ട്.
കോവിഡ് -19 ബാധിക്കുന്ന ഒരാളിൽ, ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം തന്നെ വൈറസിനെതിരെ ഉള്ള ആന്റി ബോഡികൾ നിർമ്മിക്കുന്നു. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ആന്റി ബോഡികൾ രക്തത്തിലെ പ്ലാസ്മയിൽ നിലനിൽക്കുന്നു. രോഗം ഭേദമായവരിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്മയിൽ ഈ ആന്റി ബോഡികൾ ഉണ്ട്. ഇത് പുതിയൊരു രോഗിയിലേക്ക് നൽകുമ്പോൾ, ആന്റി ബോഡികൾ ശരീരത്തിലെ വൈറസിനെ നശിപ്പിക്കുന്നു. ഇങ്ങനെയാണ് പ്ലാസ്മ തെറാപ്പി പ്രവർത്തിക്കുന്നത്.
യു കെയിലെ പല ആശുപത്രികളും പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. തങ്ങൾ ഈ പരീക്ഷണം നടത്താൻ തയ്യാറാണെന്ന് കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസ് അറിയിച്ചിരുന്നു. ലണ്ടനിലെ മൂന്ന് പ്രമുഖ ആശുപത്രികളും ഈ ചികിത്സ പരീക്ഷണാർഥത്തിൽ നടത്തുവാൻ തയ്യാറെടുക്കുകയാണ്. ലോകത്തെമ്പാടും പ്ലാസ്മ തെറാപ്പിയുടെ വിജയസാധ്യതകളെ പറ്റിയുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്.
Leave a Reply